പാലാരിവട്ടം പാലം കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത

കൊച്ചി: പാലാരിവട്ടം പാലം കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. പാലം രൂപകൽപന ചെയ്ത ബെംഗളൂരുവിലെ നാഗേഷ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെ വിജിലൻസ് ബുധനാഴ്ച മുതൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

ബുധനാഴ്ച വിജിലൻസ് അറസ്റ്റ് ചെയ്ത മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരേ കൂടുതൽ ഗുരുതര കണ്ടെത്തലുകളിലേക്ക് വിജിലൻസ് നീങ്ങിയതായാണ് റിപ്പോർട്ട്. പാലത്തിന്റെ രൂപകൽപനയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ശാസ്ത്രീയമായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും നാഗേഷിനെ പലതവണ കൊച്ചിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇന്ന് ഉച്ചയോടെ നാഗേഷിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

റിമാൻഡിലുള്ള ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലേക്ക് ഷോർ ആശുപത്രിയിൽ ഡോക്ടർമാരുടെ സംഘമടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സാധ്യതയുണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

ഇബ്രാഹിം കുഞ്ഞിന്റെ നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് നൽകിയ അപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. അതോടൊപ്പം തന്നെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്.