പട്ന:
അഴിമതി ആരോപണങ്ങളെ തുടർന്ന് ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്ലാൽ ചൗധരി രാജിവച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. അഴിമതി ആരോപണങ്ങൾ നേരിടുന്ന മേവ്ലാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞത്.
താരാപുരില്നിന്നുള്ള ജെഡിയു എംഎല്‍എയായ ഇദ്ദേഹം ഭഗല്‍പുര്‍ വൈസ് ചാന്‍സലര്‍ ആയിരിക്കെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ സയന്റിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇദ്ദേഹത്തിനെതിരെ ക്രമിനല്‍ കേസ് എടുക്കുകയും ചെയ്തിരുന്നു.
ചൗധരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെച്ചൊല്ലി മുഖ്യപ്രതിപക്ഷമായ രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു. അഴിമതിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ 2017 ൽ ചൗധരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
നേരത്തെ പ്രതിപക്ഷത്തായിരുന്ന ബിജെപി ആക്ഷേപമുയര്‍ത്തിയതോടെ പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡും ചെയ്തിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അന്നത്തെ ബിഹാര്‍ ഗവര്‍ണര്‍ ആയിരിക്കെ മേവാലാലിനെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും അനുമതി നല്‍കിയിരുന്നു.
2017 ല്‍ ചാര്‍ജ് ചെയ്ത കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മന്ത്രിയായി സ്ഥാനമേറ്റ ശേഷം ദേശീയ ഗാനത്തിന്റെ വരികള്‍ തെറ്റിച്ചു പാടിയെന്ന വിവാദത്തിലും അടുത്തിടെ അദ്ദേഹം പെട്ടിരുന്നു. 2019-ല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ച കേസിലും ചൗധരിയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു.