കൊല്ലം: സിപിഎമ്മിനുള്ളിൽ തനിക്ക് ജാതീയമായ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് കൊല്ലം മുൻ ജില്ലാ പഞ്ചാത്തംഗം കെസി ബിനു. പട്ടികജാതിയിൽപ്പെട്ടവരാണെങ്കിൽ ‘സഖാവേ’ എന്നതിന് പകരം എടാ പോടാ എന്ന വിളി മാത്രമാണ് ഉണ്ടാകുന്നതെന്നും ഇപ്പോഴും ജന്മി-കുടിയാൻ വ്യവസ്ഥതിയിലാണെന്നാണ് ജില്ലയിലെ പല മുതിർന്ന നേതാക്കൾ കരുതന്നതെന്നും കെസി ബിനു ആരോപിക്കുന്നു.
തന്റെ ഡിവിഷനിലെ സ്കൂളിലെ ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട നോട്ടീസിൽ തന്റെ പേര് വെക്കണമെന്ന് പറഞ്ഞപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗം എന്റെ വീട്ടിൽനിന്ന് കൊണ്ടുവന്നാണോ സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത് എന്നൊക്കെയാണ് ചോദിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ പാർട്ടിയിലെ മറ്റ് അംഗങ്ങൾ എടാ പോടാ എന്നാണ് വിളിക്കുക. സഖാവെ എന്ന് വിളിക്കാറില്ല.
സഖാവ് എന്ന് വിളിക്കണമെങ്കിൽ ചിലരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് നിൽക്കണം. നാവുണ്ടെങ്കിലും ശബ്ദിക്കാനോ ചോദ്യം ചോദിക്കാനോ പാർട്ടിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് കഴിയില്ല. ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കനുസരിച്ച് നിൽക്കുകയാണെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്നും കെസി ബിനു ആരോപിക്കുന്നു.
തന്നെ ജില്ലാ പഞ്ചായത്ത് പരിപാടികളിൽ നിന്നടക്കം മാറ്റി നിർത്തിയിട്ടുണ്ട്. പൊതുവേദികളിൽ ജനപ്രതിനിധികളാണെങ്കിൽ പോലും താഴ്ന്ന ജാതിക്കാരാണെങ്കിൽ വേദിയിൽ കയറ്റി ഇരുത്താറില്ല. ജന്മി-കുടിയാൻ വ്യവസ്ഥതിയിൽനിന്ന് ഇന്നും പാർട്ടി പുറത്ത് വന്നിട്ടില്ല.
പാർട്ടിയിൽനിന്ന് നീതി ലഭിക്കില്ല എന്ന കാരണം കൊണ്ടാണ് പാർട്ടിവിട്ടതെന്നും ബിനു പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്നു കെ.സി.ബിനു. പാർട്ടി വിട്ടതിന് ശേഷം അഞ്ചൽ പഞ്ചായത്തിലെ അലയമൺ ബ്ലോക്ക് ഡിവിഷനിൽനിന്നു സ്വതന്ത്രനായി ജനവിധി തേടുകയാണ് ബിനു.