കൊച്ചി: കിഫ്ബി – സിഎജി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് വിഡി സതീശൻ എംഎൽഎ. മുകളിൽ ആകാശവും താഴെ ഭൂമിയും അതിർത്തി ആയി നടക്കേണ്ടവർ അല്ല മന്ത്രിമാരെന്നും സിഎജി കേന്ദ്ര എജൻസിയാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
ഈ സർക്കാരിൻ്റെ കാലത്ത് കിഫ്ബി ബിൽ നിയമസഭയിൽ കൊണ്ടു വന്ന നിമിഷം മുതൽ അതിനെ എതിർക്കുന്നവരാണ് ഞങ്ങൾ. സർക്കാരിന് വൻ ബാധ്യതയാണ് കിഫ്ബിയിലൂടെ ഉണ്ടാവുന്നത്. ചീഫ് സെക്രട്ടറിയുടേയും ധനകാര്യ സെക്രട്ടറിയുടേയും എതിർപ്പിനെ മറികടന്നാണ് തോമസ് ഐസക് വിദേശത്ത് നിന്നുള്ള മസാല ബോണ്ടുകൾ വാങ്ങിയത്.
സർക്കാരിൻ്റെ അറിവില്ലാത്ത ഒരു കാര്യവും സിഎജി റിപ്പോർട്ടിൽ വരില്ല. ഓഡിറ്റിൽ കണ്ടെത്തുന്ന, സംശയം തോന്നുന്ന എല്ലാ കാര്യത്തിലും സിഎജി സർക്കാരിൻ്റെ നിലപാടും വിശദീകരണവും തേടാറുണ്ട്. ഒരു ഭരണഘടനസ്ഥാപനമാണ് സിഎജി അല്ലാതെ ഇഡിയോ സിബിഐയോ പോലെ ഒരു കേന്ദ്ര സർക്കാർ ഏജൻസിയല്ല. ഇതൊന്നും അറിയാത്ത ആളല്ല ഐസക്. എന്നാൽ കേന്ദ്ര ഏജൻസികൾക്കെതിരെ സമരം ചെയ്യുന്ന സിപിഎമ്മിന് മുന്നിലേക്ക് സിഎജിയെ കൂടി ഇട്ടു കൊടുക്കുകയാണ് അദ്ദേഹം. – വിഡി സതീശൻ പറഞ്ഞു.
വിഡി സതീശൻ്റെ വാക്കുകൾ –
മുകളിൽ ആകാശവും താഴെ ഭൂമിയും അതിർത്തി ആയി നടക്കേണ്ടവർ അല്ല മന്ത്രിമാർ. സത്യപ്രതിജ്ഞ ലംഘനത്തിന് തുല്യമായ കാര്യമാണ് ചെയ്തിരിക്കുന്നത്. ഓഡിറ്റി പ്പോർട്ട് കാണാനില്ല എന്നു പറഞ്ഞാൽ എന്താണ് അവിടെ നടക്കുന്നത്. കിഫ്ബി ബില്ല് വന്നപ്പോൾ താൻ എതിർത്തതാണ്.
സിഎജി സർക്കാരിൻ്റെ ഭാഗമാണ്. അല്ലെന്നു ധരിപ്പിക്കാനാണ് മന്ത്രിയിപ്പോൾ ശ്രമിക്കുന്നത്. സർക്കാരിന് പുറത്താണ് എന്ന് വാദിക്കുന്നത് നിരാർഥകം. സ്റ്റേറ്റിന്റെ സോവെറിങ് ഗ്യാരന്റി കൊടുത്താണ് പണം വാങ്ങുന്നത്. ഭരണ ഘടന വിരുദ്ധം ആണെന്ന് അറിഞ്ഞു കൊണ്ടാണ് മന്ത്രി ചെയ്യുന്നത്
സംസ്ഥാനത്തിൻ്റെ ചീഫ് സെക്രട്ടറിയുടേയും ധനകാര്യസെക്രട്ടറിയുടേയും എതിർപ്പ് മറികടന്നാണ് ഐസക് മസാല ബോണ്ട് വാങ്ങിയത്. കിഫ്ബിയെക്കുറിച്ച് കെട്ടിപ്പൊക്കിയുണ്ടാക്കിയ ഇമേജ് സിഎജി റിപ്പോർട്ട് പുറത്തു വരുമ്പോൾ തകരും. ഇതു മുൻകൂട്ടി കണ്ടാണ് കേന്ദ്രത്തെ കടന്നാക്രമിച്ചു കൊണ്ട് ധനമന്ത്രി രംഗത്തു വന്നത്.
ഈ റിപ്പോർട്ട് നിയമസഭയിൽ വച്ചിട്ട് കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചാൽ പോരെ. പിന്നെയെന്താണ് അങ്ങനെ ചെയ്യാതിരുന്നത്. ഇതെല്ലാം ഐസകിൻ്റെ കൗശലമാണ്. സംസ്ഥാനത്തെ സിപിഎം കേന്ദ്ര ഏജൻസികൾക്കെതിരെ സമയം ചെയ്യുകയാണ്. അപ്പോൾ ആ കൂട്ടത്തിലേക്ക് ഭരണഘടന സ്ഥാപനമായ സിഎജിയെ കൂടി ചേർത്തുവയ്ക്കുകയാണ് തോമസ് ഐസക്.
പത്ത് കൊല്ലം ധനമന്ത്രിയായിരുന്ന, അധ്യാപകനായിരുന്ന, ധനകാര്യവിദഗ്ദ്ധനായ ഒരു മനുഷ്യനോട് സിബിഐയും ഇഡിയും കസ്റ്റംസും പോലെ ഒരു കേന്ദ്ര സർക്കാർ ഏജൻസിയല്ല കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നു പറഞ്ഞു കൊടുക്കേണ്ട ഗതികേടാണ് കേരളത്തിൻ്റെ പ്രതിപക്ഷത്തിന് ഇന്നുള്ളത്. ഞാൻ തോമസ് ഐസകിനെ വെല്ലുവിളിക്കുന്നു. ഈ സർക്കാർ അറിയാത്ത ഒരു വരിയെങ്കിലും സിഎജി റിപ്പോർട്ടിലുണ്ട് എന്ന ഐസകിന് പറയാൻ പറ്റുമോ.
സിഎജിയുടെ പ്രവർത്തന രീതി അങ്ങനെയാണ്. അവരുടെ ഓഡിറ്റിംഗിൽ സംശയം തോന്നുന്ന കാര്യങ്ങൾ അവർ നേരിട്ട് സർക്കാരിലേക്ക് അറിയിക്കും. അതിൽ സർക്കാർ വിശദീകരണം നൽകും. അതാണ് അവരുടെ പ്രവർത്തന രീതി. അല്ലാതെ ഏകപക്ഷീയമായി അവർ പ്രവർത്തിക്കില്ല. നേരത്തെ യുപിഎ കേന്ദ്രം ഭരിക്കുമ്പോൾ സിഎജിയായ വിനോദ് റായിയുടെ റിപ്പോർട്ടുകൾ എന്തെല്ലാം വിവാദം ഉണ്ടാക്കി. എന്നിട്ട് അദ്ദേഹത്തെ സ്വാധീനിക്കാനാണോ അന്നത്തെ മൻമോഹൻസിംഗ് സർക്കാർ ശ്രമിച്ചത്. ? ഏതോക്കെ സംസ്ഥാന സർക്കാരുകൾക്കെതിരെ സിഎജി ഇതിനോടകം റിപ്പോർട്ട് നൽകി. വിഴിഞ്ഞം പദ്ധതിക്കെതിരെ നേരത്തെ തന്നെ സിഎജി റിപ്പോർട്ടില്ലേ.
സിഎജി റിപ്പോർട്ട് അന്തിമമാണ് എന്നു ഞാൻ കരുതുന്നില്ല. ഈ റിപ്പോർട്ട് നിയമസഭയിൽ എത്തിയാൽ ഞാൻ കൂടി അംഗമായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് ആ റിപ്പോർട്ട് വരും. തുടർന്ന് ഞങ്ങൾ സർക്കാരിൽ നിന്നും എജിയിൽ നിന്നും വിശദീകരണം തേടും. സിഎജിയുടെ പല നിരീക്ഷണങ്ങളും മുൻകാലത്ത് ഞാൻ കൂടി അംഗമായ നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി തള്ളിയിട്ടുണ്ട്. പിഎസി അംഗം എന്ന നിലയിൽ മുൻ ധനകാര്യസെക്രട്ടറിയെ ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. ഇതാണ് ഇതിൻ്റെ നടപടിക്രമം. സർക്കാരിനെതിരെ ഒരു സിഎജി നിരീക്ഷണം വന്നാൽ അതു തിരുത്താനും തെറ്റെന്ന് തെളിയിക്കാനും ഇനിയും അവസരമുണ്ട്. എന്നാൽ അതിനൊന്നും നിൽക്കാതെ ഐസക് ഇപ്പോൾ പൊട്ടിത്തെറിക്കുന്നതിൻ്റെ കാരണം എന്താണ്. കിഫ്ബി വഴി നടത്തിയ പിൻവാതിൽ നിയമനങ്ങളും അനധികൃത ഇടപാടുകളും പുറത്തു വരും എന്ന ആശങ്കയാണ് അദ്ദേഹത്തിന്.
ഡോളറിന് വില കൂടിയാൽ പലിശ കൂടുതൽ കൊടുക്കണം എന്ന് ആരോപിച്ചാണ് സർക്കാർ ഇന്ത്യൻ രൂപയിൽ മസാല ബോണ്ട് ഇറക്കിയത്. ഇതൊന്നും ആർക്കും മനസിലാവില്ല എന്നാണ് അവരുടെ ധാരണ. സാമാന്യ ബുദ്ധിയുള്ള കുറേയാളുകൾ ഈ സമൂഹത്തിലുണ്ട് എന്ന് ധനമന്ത്രി മനസിലാക്കണം. അദ്ദേഹം രാജിവച്ച് മാതൃക കാട്ടണം.
മസാല ബോണ്ട് വന്നപ്പോൾ തന്നെ അതിനെ അതിശക്തമായി എതിർത്തയാളാണ് ഞാൻ. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കിഫ്ബിയുടെ ഷേപ്പ് ഇതാണോ. യുഡിഎഫ് വിദേശത്ത് പോയി കടം വാങ്ങിയിട്ടില്ല. പിണറായി സർക്കാർ വന്ന ശേഷമാണ് പുതിയ ബിൽ കൊണ്ടു വന്ന് കിഫ്ബിയെ ഉടച്ചു വാർത്തത്. ആ ബില്ലിനെ നിയമസഭയിൽ എതിർത്തയാളാണ് ഞാൻ. പറവൂർ മണ്ഡലത്തിൽ കിഫ്ബി വഴി അനുവദിച്ച മൂന്നിലൊന്ന് ഫണ്ടും കിട്ടിയിട്ടില്ല.
കിഫ്ബിയുടെ പരസ്യ ക്യാംപെയ്നിൽ ഷൂട്ട് ചെയ്യാൻ വന്നപ്പോൾ ഇക്കാര്യം ഞാൻ പറഞ്ഞു. സാറേ പൊസിറ്റീവായ കാര്യം മാത്രം പറഞ്ഞാൽ മതിയെന്നാണ് അന്നെന്നോട് പറഞ്ഞത്. അവിടുന്നങ്ങോട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാനും അൻവർ സാദത്തും ടിജെ വിനോദുമെല്ലാം ചിരിച്ചു നിൽക്കുന്ന ഫോട്ടോ കിഫ്ബി പരസ്യമായി വന്നു. ഞങ്ങളുടെ മണ്ഡലത്തിലേക്ക് 77 കോടി കിട്ടിയെന്നായിരുന്നു അതിലുണ്ടായിരുന്നത്.
അതും പറഞ്ഞ് പിന്നെ സിപിഎം കേന്ദ്രങ്ങളുടെ വക സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. കിഫ്ബിയെ എതിർത്തവർ ഫണ്ട് വാങ്ങി എന്നു പറഞ്ഞിട്ട്. കിഫ്ബി ഫണ്ട് എന്നു പറയുന്നത് സിപിഎമ്മുകാരുടെ തറവാട്ടിൽ നിന്നും എടുത്തു കൊണ്ടു വരുന്നതാണോ എൻ്റെ മണ്ഡലത്തിലെയടക്കം ജനങ്ങളുടെ നികുതിപ്പണം തന്നെയല്ലേ ഇത്. യുഡിഎഫ് ഭരിക്കുമ്പോൾ സ്ഥിരമായി ബജറ്റിനെ എതിർക്കുന്ന എൽഡിഎഫ് ബജറ്റിലെ പദ്ധതികളൊന്നും വേണ്ടെന്ന് വയക്കുമോ?
കിഫ്ബി എടുത്ത വായ്പയുടെ തിരിച്ചടവ് എന്നാണ് തുടങ്ങുക. 2021-22 സാമ്പത്തികവർഷം മുതലുള്ള അടുത്ത മൂന്ന് വർഷത്തേക്കാണ് 40,000 കോടിയുടെ ബിൽ വരാനുള്ളത്. ആ പണം എവിടെ നിന്നും കണ്ടെത്തും. അന്നേരം ബജറ്റിൽ വരുമാനത്തിൽ നിന്നും പണം എടുത്തു കൊടുക്കണം. നേരത്തെ ഐസക് ഒരു വൈറ്റ് പേപ്പറുണ്ടാക്കി. അന്ന് ഈ കടമൊക്കെ എങ്ങനെ തിരിച്ചടയ്ക്കും എന്നു ഞാൻ ചോദിച്ചപ്പോൾ എന്നെ പുച്ഛിച്ചു കൊണ്ട് ഐസക് നിയമസഭയിൽ പറഞ്ഞത് മുപ്പത് ശതമാനം നികുതി വരുമാനം ഈ സർക്കാരിൻ്റെ കാലത്തുണ്ടാവും എന്നാണ്. എന്നിട്ടെന്തായി പത്ത് ശതമാനം പോലും നികുതി വർധനയുണ്ടായോ?
എന്നേക്കാൾ നന്നായി എല്ലാ സാമ്പത്തിക ക്രമങ്ങളും അറിയുന്ന ആളാണ് തോമസ് ഐസക്. അങ്ങനെയുള്ള ആളെയാണ് ഞാൻ സിഎജിയും ഇഡിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ട്രാൻസ് ഗ്രിഡ് പദ്ധതി. 170 കോടിയുടെ പദ്ധതി ട്രാൻസ്ഗ്രിഡിൽ 370 കോടിക്കാണ് നടപ്പാക്കിയത്. ഇതേ പോലെ 12 പദ്ധതികൾ വേറെയും ഉണ്ട്. ഇതേക്കുറിച്ച് നിയമസഭയിൽ ചോദിച്ചപ്പോൾ ഒരക്ഷരം മുഖ്യമന്ത്രിയോ ധനമന്ത്രിയോ മിണ്ടിയില്ല.