കേരള കോൺഗ്രസി (എം) ന്റെ ‘രണ്ടില’ ചിഹ്നം മരവിപ്പിച്ചു; പിജെ ജോസഫിന് ചെണ്ട; ജോസ് കെ മാണിക്ക് ടേബിൾഫാൻ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എമ്മിൻ്റെ ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വ്യക്തമാക്കി.

രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വി.ഭാസ്കരൻ തീരുമാനിച്ചത്.

ചിഹ്നം മരവിപ്പിച്ച സാ​ഹചര്യത്തിൽ ജോസഫ് വിഭാ​ഗവും, ജോസ് വിഭാ​ഗവും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിൾ ഫാനും അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ അറിയിച്ചു. കെഎം മാണിയുടെ നിര്യാണത്തെ തുട‍ർന്ന് കേരള കോൺ​ഗ്രസ് പാ‍ർട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചെങ്കിലും ഈ വിധിയെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയിൽ നിലവിലുളള 18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.