നേതൃത്വം അവഗണിച്ചു; മഹാരാഷ്ട്രയിൽ മുതിർന്ന ബിജെപി നേതാവ് ജെയ്സിങ്റാവു ഗെയ്ക്വാദ് പാർട്ടി വിട്ടു

മുംബൈ: ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മഹാരാഷ്ട്രയിൽ മറ്റൊരു മുതിർന്ന നേതാവ് കൂടി ബിജെപി വിട്ടു. മുൻ കേന്ദ്രമന്ത്രിയായ ജെയ്സിങ്റാവു ഗെയ്ക്വാദ് പാട്ടീലാണ് ഇന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചത്. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടിലിന് ചൊവ്വാഴ്ച രാവിലെ തന്റെ രാജിക്കത്ത് അദ്ദേഹം അയച്ചു.

പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്, എന്നാൽ പാർട്ടി അതിനുളള അവസരം എനിക്ക് നൽകുന്നില്ല. അതുകൊണ്ട് ഞാൻ രാജിവെക്കുന്നു.’ ജെയ്സിങ് റാവു വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പത്ത് വർഷത്തോളമായി പാർട്ടിനേതൃത്വം തന്നെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എംഎൽഎയോ എംപിയോ ആകാൻ എനിക്ക് താല്പര്യമില്ല. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 10 വർഷമായി അത്തരത്തിലൊരു ഉത്തരവാദിത്വം എനിക്ക് നൽകാനാണ് ഞാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി എനിക്ക് അവസരം നൽകിയില്ല. സംസ്ഥാനത്ത് പാർട്ടിയെ വളർത്താൻ പ്രയത്നിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല’ ജെയ്സിങ് പറഞ്ഞു.

അതേ സമയം ഗെയ്ക്വാദ് പാട്ടീലിന്റെ രാജിയിൽ പ്രതികരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ തയ്യാറായില്ല.