രണ്ടും കൽപ്പിച്ച് സിഎജിക്കെതിരെ തോമസ് ഐസക്കിന്റെ പടയൊരുക്കം ; പൂർണ്ണ പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാൻ സർക്കാർ തീരുമാനിച്ചു. സർക്കാരിന്‍റെ വാദമുഖങ്ങൾ നിരത്തി ചീഫ് സെക്രട്ടറി കത്തു നൽകും. പാർട്ടിയുടെ അനുമതി തേടിയ ശേഷമാണ് സിഎജിക്കെതിരായ ധനമന്ത്രി തോമസ് ഐസക്കിന്റെ പടയൊരുക്കം.

സിഎജിക്കെതിരെ രണ്ടും കൽപ്പിച്ചുള്ള നീക്കത്തിലാണ് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുന്ന സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ തോമസ് ഐസക്ക് പാർട്ടിയെ അറിയിച്ചിരുന്നു. റിപ്പോർട്ട് സഭയിൽ വയ്ക്കുമ്പോഴുണ്ടാകുന്ന ഭൂകമ്പം ബോധ്യപ്പെട്ട സിപിഎം സിഎജിക്കെതിരായ രാഷ്ട്രീയ ആക്രമണത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു.

കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ നിയമോപദേശം കൂടി തേടിയ ശേഷമാണ് തോമസ് ഐസക് സിഎജിക്കെതിരെ ആഞ്ഞടിച്ചത്. ഉടൻ തന്നെ വിയോജിപ്പ് വ്യക്തമാക്കി ചീഫ് സെക്രട്ടറി സിഎജിക്ക് കത്തു നൽകുകയും ചെയ്യും. ധനവകുപ്പ് ഇതിനു വേണ്ട കുറിപ്പ് തയ്യാറാക്കി തുടങ്ങി. സർക്കാർ വായ്പയെ സംബന്ധിച്ച ഭരണഘടനാ അനുച്ഛേദം കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ല എന്നതാകും കത്തിലെ പ്രധാന വാദം. വായ്പാ തിരിച്ചടവ് എങ്ങനെ നടത്തുമെന്നും വിശദീകരിക്കും.

സർക്കാരിന് മറുപടിയുമായി സിഎജി രംഗത്തു വന്നാൽ ആക്രമണം കടുപ്പിക്കാനാണ് തീരുമാനം. വേണ്ടിവന്നാൽ മുഖ്യമന്ത്രിയും പരസ്യ വിമർശനത്തിന് തയ്യാറായേക്കും. സർക്കാർ പദ്ധതികളുടെ പരിശോധനയ്ക്ക് സിഎജിയുള്ളപ്പോൾ ഇഡി ഫയൽ ആവശ്യപ്പെടുന്നത് സമാന്തര ഭരണകൂടം ചമയലാണെന്ന് കഴിഞ്ഞ ദിവസം സർക്കാരും സിപിഎമ്മും ആരോപിച്ചിരുന്നു. ആ ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെയാണ് ഇപ്പോൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.