തിരുവനന്തപുരം: ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിന് വേണ്ടി തരംതാണുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി ബോധപൂർവം വിവാദമുണ്ടാക്കി. സ്വർണക്കടത്ത് വിവാദത്തിൽനിന്ന് ശ്രദ്ധതിരിക്കാൻവേണ്ടിയാണിതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോമസ് ഐസക്കിൻ്റെ ലക്ഷ്യം താനല്ല. പിണറായി വിജയനാണ്. അതിനാലാണ് ലാവ്ലിൻ വിഷയം വീണ്ടും കൊണ്ടുവന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അഴിമതി കണ്ടെത്തുമെന്നായപ്പോളാണ് തോമസ് ഐസക് ചന്ദ്രഹാസം ഇളക്കുന്നത്. പൊതുജന ശ്രദ്ധ തിരിക്കാൻ കപട നാടകം നടത്തുകയാണ്. അഴിയെണ്ണേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസക് ഉറഞ്ഞുതുള്ളുന്നതെന്നും ചെന്നിത്തല പറഞ്ഞു. കരട് റിപ്പോർട്ട് പുറത്തുപറയാൻ ധനമന്ത്രിക്ക് അവകാശമില്ല. അഴിമതിയിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ഐസക് പാവയാകുന്നുവെന്നും കിഫ്ബിയിൽ നടക്കുന്ന കൊള്ള പിടികൂടുമെന്ന് ധനമന്ത്രിക്ക് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിക്കടക്കം പരാതി നൽകാനും നിയമ നടപടികൾക്കുമാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഭരണഘടനാ ഉത്തരവാദിത്തം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ അവകാശലംഘനത്തിന് നിയമസഭാ സ്പീക്കർക്കും പരാതി നൽകും.
കിഫ്ബിക്കെതിരായ നീക്കത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരും ഒരുക്കം തുടങ്ങി. കരട് റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ രേഖാമൂലം വിയോജിപ്പറിയിക്കാനാണ് ധനവകുപ്പ് തീരുമാനം.