കോഴിക്കോട്: മക്കളുടെയും ബന്ധുക്കളുടെയും വേദനയും നിസ്സാഹായതയും ഒടുവിൽ അധികൃതരുടെ കണ്ണ് തുറപ്പിച്ചു. കോർപ്പറേഷനും പഞ്ചായത്തും തമ്മിൽ കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കുന്നത് സംബന്ധിച്ച് തർക്കത്തിന് വിരാമം. മെഡിക്കൽ കോളേജിൽ കൊറോണ ബാധിച്ച് മരിച്ച ഉള്ളിയേരി സ്വദേശി രാജൻ്റെ മൃതദേഹമാണ് കളക്ടറുടെ ഇടപെടലോടെ ഒടുവിൽ സംസ്കരിച്ചത്. വൈകിട്ട് നാലരയോടെ മാവൂർ റോഡ് ശ്മശാനത്തിലായിരുന്നു മൃതദേഹം സംസ്കരിച്ചത്.
രാജൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊറോണ ബാധിച്ച് മരിച്ചത് ശനിയാഴ്ച രാവിലെ പത്തുമണിക്കാണ്. മരിച്ച് ഒന്നര ദിവസത്തിന് ശേഷമാണ് സംസ്കാരം. 28 മണിക്കൂറായി അച്ഛൻ്റെ മൃതദേഹം സംസ്കരിക്കാൻ അനീഷും അജീഷും അധികൃതരുടെ കനിവ് തേടിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഒടുവിൽ ജില്ലാ കളക്ടറുടെ ഇടപെടൽ തേടിയാണ് കളക്ട്രേറ്റിൽ എത്തിയത്.
നാലുസെൻറ് കോളനിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലെന്നും പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലെന്നും കാണിച്ച് ഉടൻ തന്നെ കോർപ്പറേഷന് കത്ത് നൽകിയിരുന്നു. കോർപറേഷൻ ശ്മശാനത്തിൽ സംസ്കരിക്കാൻ സൗകര്യമൊരുക്കണമെന്നായിരുന്നു ഇവരുടെ അഭ്യർത്ഥന.
അതേസമയം ഉള്ളിയേരി പഞ്ചായത്ത് അധികൃതർ നടപടിക്രമം പാലിക്കാത്തതാണ് സംസ്കാരം വൈകാൻ കാരണമായതെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി. പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലാത്തതു കൊണ്ട് മൃതദേഹം സംസ്കരിക്കാൻ പറ്റില്ലെന്ന് ഉള്ളിയേരി പഞ്ചായത്തും കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന ആളല്ലാത്തതിനാൽ ഏറ്റെടുക്കാനാവില്ലെന്ന് കോർപ്പേറഷൻ ഉദ്യോഗസ്ഥരും നിലപാടെടുത്തതാണ് തർക്കത്തിന് കാരണമായത്. ഇതെ തുടർന്നാണ് കളക്ടർ ഇടപെട്ട് സംസ്ക്കാരം നടത്തിയത്.