തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ സിഎജിയെ കടന്നാക്രമിച്ച ധനമന്ത്രി തോമസ് ഐസക്ക്. സിഎജി തയാറാക്കിയിരിക്കുന്ന കിഫ്ബിയെപ്പറ്റിയുള്ള കരട് റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമെന്ന് തോമസ് ഐസക്ക്. പ്രതിപക്ഷനേതാവിന്റെ ഓഫീസുമായി എജിക്ക് സൗഹൃദബന്ധമുണ്ടെന്നും സര്‍ക്കാരിനെതിരെ കേസ് പോകാന്‍ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും തോമസ് ഐസക്ക് ആരോപിച്ചു.
രാജ്യത്തെ ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്താണ് കിഫ്ബി റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമെന്ന് ഐസക്ക് ആരോപിച്ചത്. മസാബ ബോണ്ട് അടക്കമുള്ള വായ്പകള്‍ ഭരണഘടന വിരുദ്ധമെന്ന സിഎജിയുടെ കരട് റിപ്പോര്‍ട്ടാണ് ആക്ഷേപത്തിന് അടിസ്ഥാനം. വായ്പയുടെ ഭരണഘടനാ സാധുതയെപ്പറ്റി ഒരു ചോദ്യം പോലും എജി ചോദിച്ചില്ലെന്നും ഐസക്ക് ആരോപിച്ചു.
പ്രതിപക്ഷനേതാവ് നിയമസഭയില്‍ ഉന്നയിച്ച ആരോപണം സിഎജി റിപ്പോര്‍ട്ടില്‍ വന്നതോടെ ഒരു അവിശുദ്ധ കൂട്ടുകെട്ടാണ് ഐസക്ക് ആരോപിക്കുന്നത്. കരട് റിപ്പോര്‍ട്ടില്‍ തന്നെ കിഫ്ബിക്കെതിരെയുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്ന രാഷ്ട്രീയമാണ് റിപ്പോര്‍ട്ട് അന്തിമമാകും മുന്‍പുള്ള ഐസക്ക് സ്വീകരിക്കുന്നത്.