മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ, ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് വൈകാതെ കുറ്റപത്രം സമർപ്പിച്ചേക്കും. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയിൽ സമർപ്പിച്ചിട്ടില്ല.
രജിസ്ട്രാറുടെ പക്കൽ രഹസ്യരേഖയായി ഡിഎൻഎ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹർജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്. പീഡനപരാതി നിലനിൽക്കുന്ന കീഴ്ക്കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചാൽ, ഡിഎൻഎ റിപ്പോർട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.
കേസിൽ ഒത്തുതീർപ്പ് നടന്നതായുള്ള പ്രചാരണവും അവർ നിഷേധിച്ചു. മുംബൈ മീരാറോഡിൽ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നൽകിയത്. ദുബായിലെ മെഹ്ഫിൽ ബാറിൽ ഡാൻസർ ആയിരുന്ന താൻ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ൽ ഗർഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു.
ആദ്യഘട്ടങ്ങളിൽ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാൻ തുടങ്ങിയെന്നും തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്.