തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; നാളെ മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം; കൊറോണ രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നമനിർദ്ദേശ പത്രിക നാളെ മുതൽ സമർപ്പിക്കാം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 19 പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം.

അടുത്ത വെള്ളിയാഴ്ച (നവംബർ 20) സൂക്ഷമ പരിശോധന നടക്കും. നവംബർ 23 തിങ്കളാഴ്ചയാണ് പിൻവലിക്കാനുള്ള അവസാനതീയതി. ഇതിനിടെ സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡുകൾ ആയി നിശ്ചയിച്ചത് ചോദ്യം ചെയ്തുള്ള 87 ഹര്‍ജികള്‍ ആണ് കോടതി തള്ളിയത്. തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രദ്ധീകരിക്കും . ഇതോടെ വോട്ടര്‍മാരുടെ ആകെ കണക്കും ലഭ്യമാകും.

കൊറോണ രോഗികള്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും. അവസാന ഒരു മണിക്കൂര്‍ ഇതിനായി മാറ്റിവയ്ക്കാനാണ് മന്ത്രിസഭ തീരുമാനം. തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികാ സമർപ്പണം നാളെ തുടങ്ങും.

കൊറോണ രോഗികൾക്ക് തപാൽ വോട്ടിന് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഇതിന് അപേക്ഷ നൽകണം. എന്നാൽ അപേക്ഷ നൽകാനുള്ള തീയതിക്ക് ശേഷം രോഗം വരുന്നവർക്കും വോട്ട് ചെയ്യുന്നതിനാണ് സർക്കാർ പ്രത്യേകസമയം തീരുമാനിച്ചത്. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രോഗം വരുന്നവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാം. അവസാനത്തെ ഒരു മണിക്കൂറാണ് ഇതിന് അനുവദിച്ചത്.

നേരത്തെ ഇറക്കിയ ഓർഡിൻൻസ് പുതുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. രോഗികൾ പിപിഇ കിറ്റ് സ്വയം വാങ്ങണം. അവസാന മണിക്കൂർ ക്യൂ നിൽക്കുന്ന എല്ലാവരും വോട്ട് ചെയ്ത ശേഷമാകും കൊറോണ രോഗിക്ക് അവസരം നൽകേണ്ടത്. തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം നാളെ പുറത്തിറങ്ങും.