കോഴിക്കോട്: വീട് നിർമ്മാണത്തിന് ഭാര്യവീട്ടിൽ നിന്ന് പണം നൽകി. രണ്ട് വാഹനം വിറ്റ പണവും വീട് നിർമ്മാണത്തിന് ഉപയോഗിച്ചെന്നും കെ എം ഷാജി എൻഫോഴ്സ്മെൻറിന് നൽകിയ മൊഴിയിൽ. കൽപ്പറ്റയിലെ സ്വർണ്ണക്കടയിൽ പങ്കാളിത്തം ഉണ്ടായിരുന്നെന്നും ജനപ്രതിനിധി ആയശേഷം പങ്കാളിത്തം ഉപേക്ഷിച്ചെന്നും മൊഴിയിലുണ്ട്.
അഴീക്കോട് സ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിൽ രാവിലെ പത്ത് മണിയോടെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഷാജിയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. അഭിഭാഷകനൊപ്പമാണ് ഷാജി കോഴിക്കോട്ടെ ഇഡി ഓഫീസിലെത്തിയത്. ഷാജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, ഷാജിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തി. എട്ട് വർഷം കൊണ്ട് ഷാജി എങ്ങനെ മൂന്ന് വീടും ആറ് ഏക്കർ ഭൂമിയും സ്വന്തമാക്കിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചോദിച്ചു. അഴീക്കോട് സ്കൂളിൽ നിന്ന് കിട്ടിയ തുക മാത്രം കൊണ്ട് ഇത്രയും സമ്പത്ത് ഉണ്ടാകില്ല , വലിയ അഴിമതികൾ നടത്തിയിട്ടുണ്ട് .
ഇന്നലെ ഷാജിയുടെ ഭാര്യ ആശയുടെയും ലീഗ് നേതാവ് ടി ടി ഇസ്മായിലിൻറെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. ഷാജിയുടെയും ഭാര്യയുടെയും പേരിലുളള വസ്തുവകകളുടെ വിശദാംശങ്ങളും ബാങ്ക് ഇടപാടുകകളുടെ രേഖകളും ഇഡി ശേഖരിച്ചിട്ടുണ്ട്.