ആകാശവാണി ആലപ്പുഴ നിലയം പൂട്ടാനുള്ള തീരുമാനം ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു

ആലപ്പുഴ : ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം കേന്ദ്രസർക്കാർ ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു. 200 കിലോവാട്ട് പ്രസരണ ശേഷിയുള്ള എ എം ട്രാൻസ്മിറ്റർ അഞ്ച് കിലോ വാട്ട് ശേഷിയുള്ള എഫ് എം ട്രാൻസ്മിറ്റർ എന്നിവയാണ് ആലപ്പുഴ കേന്ദ്രത്തിൽ ഉള്ളത്. ഇത് വഴിയാണ് തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പരിപാടികൾ വിവിധ ഇടങ്ങളിൽ ലഭിക്കുന്നത്. ഇതിൽ എ എം ട്രാൻസ്മിറ്റർ പ്രവർത്തനം അവസാനിപ്പിക്കാൻ വെള്ളിയാഴ്ചയാണ് ഉത്തരവ് ഇട്ടത്.

എഫ് എം നിലനിർത്തി എ എം ട്രാൻസ്മിറ്റർ പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്. എ എം വഴിയുള്ള പ്രസരണശേഷി എഫ്‌എം ട്രാൻസ്മിറ്ററിന് ഇല്ലാത്തതിനാൽ പ്രവർത്തനം അവസാനിപ്പിക്കുന്നത് ശ്രോതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പലയിടത്തും ആകാശവാണി കിട്ടാതെയാകും.

ഇക്കാര്യം ചൂണ്ടിക്കാട്ടി എ എം ആരിഫ് എം പി കേന്ദ്രസർക്കാരിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി ഒരാഴ്ച താത്കാലികമായി മരവിപ്പിച്ചത്. നിലയം ഭാഗികമായി പൂട്ടുമ്പോൾ പകുതിയോളം ജീവനക്കാർക്ക് സ്ഥലം മാറി പോകേണ്ടതായും വരും. പൂട്ടൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോയാൽ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. തൊഴിലാളി സംഘടനകളോടൊപ്പം ശ്രോതാക്കളെയും പങ്കെടുപ്പിച്ചാണ് സമരം.