ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്

കട്ടപ്പന: നരിയംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം.

കേസിലെ പ്രതി മനു മനോജിന്റെ മരണത്തിന് പിന്നാലെയാണ് ഇയാളോടുത്തുള്ള പെൺകുട്ടിയുടെ ഫോട്ടോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ചിലയിടത്ത് മനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സുകളിലും ഇരയുടെ പടം ചേർത്തിട്ടുണ്ട്. ഇത് സ്ഥാപിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പീഡനക്കേസുകളിൽ ഇരയാവുന്നവരുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും പരസ്യപ്പെടുത്തുന്നത് ​ഗുരുതരമായ കുറ്റമായി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നരിയംപാറ പീഡനക്കേസിൽ പ്രതി ചേ‍ർക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തതോടെ ഇരുവരുടേയും വീട്ടുകാരും നാട്ടുകാരും വ്യത്യസ്തമായ അഭിപ്രായങ്ങളും ആരോപണങ്ങളുമായി രം​ഗത്ത് സജീവമാണ്.