സ്വർണ്ണക്കടത്ത് ; പ്രതിരോധം തീർത്ത് സർക്കാർ; പ്രതിപക്ഷ എംഎൽമാർക്കെതിരായ കേസുകളിൽ അതിവേഗ അന്വേഷണം; സോളാർ വീണ്ടും കത്തും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ പ്രതിരോധിക്കുന്നതിന് യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ സജീവമാക്കി പ്രതിരോധം തീർക്കാൻ സര്‍ക്കാര്‍ നീക്കം . തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് ചില നേതാക്കളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിനു നല്‍കിയ നിര്‍ദേശം നൽകിയെന്നാണ് സൂചന.

ഇതിനൊപ്പം ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന ഇഡി സംഘത്തെ സമ്മര്‍ദത്തിലാക്കാനെന്ന പ്രതീതി ജനിപ്പിക്കാൻ നിയമസഭയുടെ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടിസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തും ബിനീഷ് വിഷയവും പ്രചാരണായുധമാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തെ ഭീഷണി പെടുത്താൻ സോളര്‍, ബാര്‍കോഴക്കേസുകള്‍ പൊടി തട്ടിയെടുക്കാൻ അണിയറപ്രവര്‍ത്തനങ്ങൾ സജീവമായിട്ടുണ്ട്.

സോളർ കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച്, മുന്‍ മന്ത്രി എപി.അനില്‍കുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. പരാതിക്കാരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള നീക്കം കോടതി തടഞ്ഞതിനെത്തുടര്‍ന്ന് മറ്റു മാര്‍ഗങ്ങള്‍ തേടിയെങ്കിലും വിജയിച്ചിരുന്നില്ല. രണ്ട് എഡിജിപിമാരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും തെളിവില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടുപോയില്ല. തുടര്‍ന്നാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സോളര്‍ കേസ് സജീവമാക്കി നിര്‍ത്താനാണ് നീക്കം.

ബാര്‍ക്കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ ആരോപണത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എംഎല്‍എ, കെ.ബാബു എന്നിവര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെഇബ്രാഹിംകുഞ്ഞടക്കമുള്ളവരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് വിജിലന്‍സ്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം കൈമാറിയെന്ന ആരോപണത്തില്‍ പിടി തോമസ് എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എംസികമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത് ഇടതു മുന്നണിക്ക് ഗുണം ചെയ്യുമെന്ന് നേതാക്കൾ വിലയിരുത്തുന്നു. പൊലീസ് ഇതുവരെ 115 കേസുകളാണ് ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.