ഫാഷൻ ഗോൾഡ് തട്ടിപ്പ് ; എം സി കമറുദ്ദീൻ എംഎൽഎയെ റിമാൻ്റ് ചെയ്തു

കാസര്‍കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ റിമാന്‍റ് ചെയ്തു. എംഎല്‍എയുടെ ജാമ്യ ഹർജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കസ്റ്റഡി അപേക്ഷ നിലവിൽ നൽകിയിട്ടില്ല. കമറുദ്ദീനെ കാഞ്ഞങ്ങാട്‌ ജില്ലാ ജയിലിലേക്ക് മാറ്റും. എന്നാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റ‍ർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മറ്റു കേസുകളിൽ ഇവരെ പ്രതി ചേ‍ർക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ് കമറുദീനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. കേസിൽ കമറുദ്ദീൻ്റെ കൂട്ടുപ്രതിയും ഫാഷൻ ​ഗോൾഡ് എംഡിയുമായ പൂക്കോയ തങ്ങളേയും പൊലീസ് ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. കമറൂദ്ദിനൊപ്പം ഇദ്ദേഹത്തേയും അറസ്റ്റ് ചെയ്തുവെന്നാണ് സൂചന.

ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തിനിൽക്കുന്ന ഘട്ടത്തിലുണ്ടായ അറസ്റ്റ് യുഡിഎഫിനും മുസ്ലീംലീ​ഗിനും കനത്ത ആഘാതമാണ് സൃഷ്ടിക്കുക. എന്നാൽ കമറൂദ്ദിനെ നേരത്തെ തന്നെ യുഡിഎഫും ലീ​ഗും തള്ളിപ്പറയുകയും ഒരു തരത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.