കുരുക്ക് മുറുകും; മന്ത്രി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന്
ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോൺസുലേറ്റ് വഴി ഖുറാൻ വിതരണം ചെയ്തതിലാണ് നടപടി. ഖുറാൻ കൊണ്ടു വന്നത് നികുതി ഇളവിലൂടെയാണ്.

ഖുറാൻ വിതരണം ചെയ്തത് വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചെന്നും ആരോപണമുണ്ട്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്തതില്‍ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ കസ്റ്റംസ് നിയോഗിച്ചിരുന്നു. നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്മെന്റ് ജലീലിനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ സെപ്തംബർ 17 ന് മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ആറു മണിക്കൂർ ചോദ്യം ചെതു. ഒന്നും മറച്ചുവയ്ക്കാനില്ലെന്നാണ് ചോദ്യം ചെയ്യലിനു ശേഷം ജലീല്‍ പ്രതികരിച്ചത്.