പാട്ന: ബിഹാറിൽ മഹാ സഖ്യത്തിന് സാധ്യത പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. ഭരണമാറ്റം ഉറപ്പാണെന്ന് സൂചിപ്പിക്കുന്നതാണ് ഇവ. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് വിവിധ സർവേ ഫലങ്ങൾ പറയുന്നു. എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളിലും മഹാസഖ്യമാണ് മുന്നിൽ നിൽക്കുന്നത്.
എബിപി സീ വോട്ടർ സർവേ പ്രകാരം എൻഡിഎ-128, മഹാസഖ്യം- 108-131, എൽജെപി- 1-3 എന്നിങ്ങനെയാണ് പാർട്ടികൾക്ക് സീറ്റ് ലഭിക്കുക. ജെഡിയു- 38-46, ബിജെപി- 66-74, വിഐപി- 0-4, എച്ച്എഎം- 0-4, ആർജെഡി- 81-89, കോൺഗ്രസ് 21-19, എന്നിങ്ങനെയായിരിക്കും സീറ്റുകൾ ലഭിക്കാൻ സാധ്യത.
ടൈംസ് നൗ സീ വോട്ടർ സർവേ പറയുന്നത് സീറ്റ് വിതരണം മഹാസഖ്യം- 120, എൻഡിഎ- 116, എൽജെപി-1, മറ്റ് പാർട്ടികൾ- 6 എന്നിങ്ങനെയാണ്. റിപ്പബ്ലിക്ക് ടിവി ജൻകി ബാത് സർവേയുടെ പ്രവചന പ്രകാരം എൻഡിഎ- 91-117, മഹാസഖ്യം- 118-138, എൽജെപി- 5-8 എന്നിങ്ങനെ സീറ്റ് നേടുക.
ബിഹാറിൽ ഇടത് പാർട്ടികൾക്ക് മുന്നേറ്റമുണ്ടാകുമെന്നും എക്‌സിറ്റ് പോളുകൾ പ്രവചിച്ചു. റിപ്പബ്ലിക്ക് ടിവി ജൻ കി ബാത് സർവേ പ്രകാരം ഇടത് പാർട്ടികൾ 12-14 സീറ്റുകൾ നേടും. എബിപി സീ വോട്ടർ പ്രവചിക്കുന്നത് ഇടത് പാർട്ടികൾക്ക് 6-13 സീറ്റാണ്.
അതേസമയം മധ്യപ്രദേശിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ഇന്ത്യാ ടുഡെ ആക്‌സിസ് പോൾ പുറത്തുവന്നു. ബിജെപി- 16-18, കോൺഗ്രസ്- 10-12, ബിഎസ്പി- 0-1 എന്നാണ് പ്രവചനം.
ഭരണവിരുദ്ധ തരംഗം അതിജീവിക്കാനുള്ള പോരാട്ടത്തിലായിരുന്നു 15 വർഷമായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാർ. നിതീഷിനെ തറപറ്റിക്കാനുള്ള ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിൻ്റെ ശ്രമങ്ങൾ വിജയിക്കുമോ എന്നറിയാൻ ഈ മാസം പത്തു വരെ കാത്തിരിക്കണം.