തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് തൂത്തുവാരും: ചെന്നിത്തല;ഇടതുമുന്നണിക്ക് അനുകൂലം: വിജയരാഘവൻ; വലിയ നേട്ടം എന്‍ഡിഎയ്ക്ക്: സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച മുന്നേറ്റം സൃഷ്ടിക്കുമെന്ന അവകാശവാദവുമായി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും. നിലവിലെ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മൂവരും പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തീയതികളിലാണ്. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും. ക്രിസ്മസിന് മുന്‍പ് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കും.

തെരഞ്ഞെടുപ്പില്‍ കേരളം എല്‍ഡിഎഫിനെതിരായി വിധിയെഴുതുമെന്നും യുഡിഎഫ് തൂത്തുവാരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. വിവാദങ്ങളെ ജനം നിരാകരിക്കുമെന്നും ഇടതുമുന്നണിയുടെ സാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയലക്ഷ്യമിട്ടാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. സര്‍ക്കാരിനുള്ളത് വന്‍ ജനപിന്തുണയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം എന്‍ഡിഎയ്ക്ക് ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടു. എന്‍ഡിഎയ്ക്ക് ഏറ്റവും അനുകൂല സാഹചര്യമാണെന്ന് സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.