പിതാവ് ചന്ദ്രശേഖർ രൂപീകരിച്ച പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് നടൻ വിജയ്

ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷനിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്‌തെന്ന് എസ്എ ചന്ദ്രശേഖർ വ്യക്തമാക്കിയതിന് പിന്നാലെ തനിക്ക് അതിൽ ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് മകനും നടനുമായ വിജയ്. പിതാവ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്ന വാർത്തകൾ പുറത്ത് വന്ന് പെട്ടെന്ന് തന്നെ വിജയ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അപേക്ഷയിൽ ചന്ദ്രശേഖറിന്റെ പേരാണ് ജനറൽ സെക്രട്ടറിയായി നൽകിയിരിക്കുന്നത്. പ്രസിഡന്റായി പത്മനാഭൻ, ട്രഷറർ ആയി ശോഭ എന്നിവരുടെയും പേരുകൾ നൽകിയിട്ടുണ്ട്.

‘എന്റെ പിതാവ് രൂപീകരിച്ച പാർട്ടിയുമായി തനിക്ക് പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ഒരു ബന്ധവുമില്ലെന്ന് എന്റെ ആരാധകരെയും പൊതുസമൂഹത്തെയും അറിയിക്കുന്നു’, വിജയ് പ്രസ്താവനയിൽ പറഞ്ഞു.

‘എന്റെ പിതാവ് ആരംഭിച്ചതോ തുടങ്ങാനിരിക്കുന്നതോ ആയ പാർട്ടിയിൽ ചേരരുതെന്ന് എന്റെ ആരാധകരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ആ പാർട്ടിയും ഫാൻസ് അസോസിയേഷനും തമ്മിൽ യാതൊരു ബന്ധവുമില്ല’, എന്നും വിജയ് പറഞ്ഞു.