ബാണാസുര മലയില്‍ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് എസ്പി ജിപൂങ്കുഴലി

കൽപറ്റ: വയനാട്ടിലെ ബാണാസുര മലയില്‍ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് എസ്പി ജിപൂങ്കുഴലി. സംഘത്തിലെ ആളുകളെ തിരിച്ചറിയാനായിട്ടില്ലെന്നും എസ്പി പറഞ്ഞു. മാവോയിസ്റ്റ് സംഘത്തില്‍ നിന്നും പൊലീസിനുനേരെ വെടിവയ്പുണ്ടായി. മാവോയിസ്റ്റ് സംഘത്തിലെ എല്ലാവരുടെ പക്കലും ആയുധമുണ്ടായിരുന്നെന്നാണ് നിഗമനം.

ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് പൊലീസ് മാധ്യമങ്ങളെ പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തെ മരങ്ങളില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയ നിലയിലാണ്. വനത്തിലും പരിസരപ്രദേശങ്ങളും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. പോസ്റ്റ്മോർട്ടം രണ്ടു മണിക്കൂറോളം നീണ്ടു. സഹോദരൻ മുരുകനും അമ്മ കണ്ണമ്മാളും ഗ്രോവാസുവിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ഏറ്റുവാങ്ങിയത്.

മൃതദേഹം കാണാനെത്തിയ കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് അടക്കം പ്രതിഷേധിച്ച നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് നീക്കി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മാവോയിസ്റ്റ് വേട്ട തുടർക്കഥയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.