കേരളാ കോൺഗ്രസുകൾ നേർക്കുനേർ ; കോടനാട് പിടിക്കാൻ മുൻ സഹപ്രവർത്തരുടെ തീ പാറുന്ന പോരാട്ടം

കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുന്ന കോടനാട് ഡിവിഷനിൽ മൽസരം ഇക്കുറി തീപാറും. കേരളാ കോൺഗ്രസ് പോരിലൂടെ ജില്ലയിലെ തന്നെ ശ്രദ്ധാകേന്ദ്രമാണ് കോടനാട്. മാസങ്ങൾക്ക് മുമ്പ് വരെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവർ രണ്ട് ചേരികളിലായി അങ്കത്തിനിറങ്ങുന്നത് എറണാകുളം ജില്ലാ പഞ്ചായത്തിലേക്കാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി വിൻസൻ്റ് റാഫേലും, ജോസ് വിഭാഗം സ്ഥാനാർഥി കെ.പി ബാബുവുമാണ് ഏറ്റുമുട്ടുന്നത്.

ഇരുവരും രണ്ടുകേരള കോൺഗ്രസുകളുടെയും ജില്ല സെക്രട്ടറിമാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വർഷങ്ങളായി യുഡിഎഫ് കോട്ടയാണ് കോടനാട് ഡിവിഷൻ. ഇരുവരും രാഷ്ട്രീയ പാരമ്പര്യം ഉളളവരാണെങ്കിലും ഇവിടെ ജയസാധ്യത യു.ഡി.എഫിനാണെന്നാണ് വിലയിരുത്തൽ. കെ.എം മാണിയുടെ കാരുണ്യ ഫണ്ട് അർഹരായ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിച്ച് ജനശ്രദ്ധ നേടിയ വിൻസെൻ്റ് റാഫേലിൻ്റേത് കന്നി അങ്കമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോടനാട് ഡിവിഷൻ്റെ പ്രചരണ ചുമതല വിൻസെൻ്റിനായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്ന എം.ഒ റാഫേലിൻ്റെ മകനാണ്വിൻസെൻ്റ് റാഫേൽ. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പിളരുന്നതിന് മുമ്പ് എറണാകുളം ജില്ല സെക്രട്ടറി ആയിരുന്നു. ഓൾ കേരള സ്റ്റീൽഫർണീച്ചർ മാനുഫാക്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റായിരുന്നു. ഇപ്പോൾ സംസ്ഥാന രക്ഷാധികാരിയാണ്.

കെ.പി ബാബു ഗ്രാമ പഞ്ചായത്തിലേക്ക് നേരത്തേ മൽസരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇക്കുറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബാബു. യു.ഡി.എഫിലെ വ്യക്തിബന്ധങ്ങൾ വോട്ട് ആക്കി മാറ്റാമെന്ന വിശ്വാസത്തിലാണ് ഇടതു മുന്നണി.

കോടനാട്, കൂവപ്പടി, മുടക്കുഴ, രായമംഗലം പഞ്ചായത്തുകളാണ് കോടനാട് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. കൂവപ്പടിയിലെ 20 വാര്‍ഡുകളും മുടക്കുഴയിലെ 13 വാര്‍ഡുകളും രായമംഗലം പഞ്ചായത്തിലെ കുറുപ്പംപടി ടൗണ്‍ ഉള്‍പ്പെടെ അഞ്ച് വാര്‍ഡുകളും ചേര്‍ന്ന കോടനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 58,234 വോട്ടര്‍മാരാണുള്ളത്. പെരിയാറിന്‍െറ ഒരു ഭാഗവും കോടനാട്, കപ്രിക്കാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും കൂടി ഈ ഡിവിഷനില്‍ ഉള്‍പ്പെടുന്നു.