ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക് വിഭാഗത്തിൽ നിന്നും മാറ്റി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക് വിഭാഗത്തിൽ നിന്നും മാറ്റി. ശ്രീറാമിന് പകരം ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി ബിഎസ് ബിജുഭാസ്ക്കറിനെ ഉൾപ്പെടുത്തി. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ മാധ്യമവാർത്തകൾ പരിശോധിക്കാനുള്ള സമിതിയിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.

അതേസമയം മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രേഖകൾ ശ്രീറാം വെങ്കിട്ടരാമന് കൈമാറാൻ കോടതി ഉത്തരവിട്ടു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കേസ് അടുത്ത മാസം 12ന് പരിഗണിക്കും.

അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും നൽകണമെന്നായിരുന്നു കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ്റെ ആവശ്യം. ഈ രേഖകൾ ശ്രീറാമിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് നിർദ്ദേശം നൽകിയത്.