ബിനീഷ് കോടിയേരിയ്ക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടോ; അന്വേഷണത്തിന് എൻസിബി സംഘവും

ബംഗളൂരു: ലഹരിക്കടത്തുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടോ എന്നറിയാൻ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) സംഘം ബിനീഷിനെ ചോദ്യം ചെയ്യുന്ന ബംഗളൂരുവിലെ ഇഡി ഓഫീസിലെത്തി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപാടുകൾ ഉണ്ടോ എന്നാണ് പ്രധാനമായും എൻസിബി അന്വേഷിക്കുന്നത്. എൻസിബി സംഘം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി ഇപ്പോൾ ചർച്ച നടത്തുകയാണ്.

വൈകുന്നേരം 5.30 എൻസിബി ഉദ്യോഗസ്ഥർ ഓടെയാണ് ഇഡി ഓഫീസിലെത്തിയത്. ബിനീഷിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് വിശദാംശങ്ങൾ ആരായാനാണ് ഉദ്യോഗസ്ഥർ എത്തിയത്. ലഹരിക്കടത്ത് കേസിലെ പ്രതി മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ബിനീഷ് തന്റെ ബോസ് ആണെന്ന് അനൂപ് സമ്മതിച്ചിട്ടുണ്ട്. അനൂപിന്റെ പേരിൽ തുടങ്ങിയ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബിനീഷ് ആണെന്നും ഇഡി കണ്ടെത്തിയിരുന്നു.