ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങാൻ സർക്കാർ യുജിസിക്ക് അപേക്ഷ പോലും സമർപ്പിച്ചില്ല; പ്രവേശന നടപടികൾ ഹൈക്കോടതി തടഞ്ഞു

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്ന് യുജിസി അഭിഭാഷകൻ ഹൈക്കോടതിയിൽ ബോധ്യപ്പെടുത്തിയതോടെ വിദ്യാർഥി പ്രവേശന നടപടികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തടഞ്ഞു കൊണ്ട് കേരള ഹൈക്കോടതി ഉത്തരവായി. ഒരുകൂട്ടം വിദ്യാർത്ഥികളും പാരലൽ കോളേജ് നടത്തിപ്പുകാരുമാണ് സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

ഓപ്പൺ യൂണിവേഴ്സിറ്റി ഓർഡിനൻസിലെ 51(2) വകുപ്പ് തടഞ്ഞതോടെ കേരള,കാലിക്കറ്റ്‌, എംജി, കണ്ണൂർ സർവകലാശാലകൾക്ക് സമാന്തര വിദ്യാഭ്യാസം തുടരാനാകും.വിദ്യാർഥി പ്രവേശനം പാടില്ലെങ്കിലും വേണ്ടപ്പെട്ടവരെ ഇതിനകം ഓപ്പൺ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് നിയമിക്കാനായി എന്നതാണ് സർക്കാരിന് ആശ്വസിക്കാനുള്ള ഏക കാര്യം.

പ്രതിവർഷം സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വിദ്യാർഥികളാണ് വിദൂര പഠനവും പ്രൈവറ്റ് രജിസ്‌ട്രേഷനും വഴി ബിരുദ-ബിരുദാനന്തര കോഴ്‌സുകൾക്ക് ചേരുന്നത്. യുജിസിയുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെ സർവ്വകലാശാല പ്രവർത്തനമാരംഭിക്കാൻ പാടില്ലെന്ന് ഓപ്പൺ സർവകലാശാല രൂപീകരിക്കുന്നതിന് തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പ്രോജക്ട് റിപ്പോർട്ടിലെ ശുപാർശ തള്ളിക്കളഞ്ഞുകൊണ്ടാണ് തിരക്കിട്ട് സർവ്വകലാശാല രൂപീകരിച്ചുകൊണ്ടുള്ള ഓർഡിനൻസ് സർക്കാർ പുറപ്പെടുവിച്ചത്. വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഓപ്പൺ സർവകലാശാല ബിരുദത്തെ രണ്ടാംതരം ബിരുദമായി കാണുന്നതുകൊണ്ട് റെഗുലർ സർവകലാശാലകളിൽ പഠനം തുടരാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളിൽ പഠനം തുടരുവാൻ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ തയ്യാറെടുക്കുകയായിരുന്നു.

വിദൂര പഠനത്തിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന സമയം യുജിസി നവംബർ 31 വരെ നീട്ടി കൊണ്ട് ഉത്തരവായിട്ടുണ്ട്. ഈ വർഷം വിദൂര വിദ്യാഭ്യാസ കോഴ്സുകൾ യൂണിവേഴ്സിറ്റിയിൽ നിന്ന് വേർപെടുത്തരുതെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേരള സർവകലാശാല അതിന് പച്ചക്കൊടി കാട്ടുകയായിരുന്നു.

വിദൂരവിദ്യാഭ്യാസ അധ്യാപകരിൽ തന്നെ ഒരു വിഭാഗം സമാന്തര വിദ്യാഭ്യാസം കേരള സർവകലാശാലയിൽ നിന്ന് വിടുതൽ ചെയ്യുന്നതിന് അനുകൂല നിലപാടായിരുന്നു. അതിന്റെ ഭാഗമായി പഠനസാമഗ്രികൾ കൃത്യമായി വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിലും പരീക്ഷ റിസൾട്ടുകൾ കൃത്യമായി പ്രസിദ്ധീകരിക്കുന്നതിലും ബോധപൂർവം പിന്നോക്കം പോയതായി ആക്ഷേപമുണ്ട്.