കൊച്ചി: ബിനീഷ് കോടിയേരിയെ ഇഡി കസ്റ്റഡിയിൽ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്ന് സഹോദരൻ ബിനോയ് വിനോദിനി ബാലകൃഷ്ണൻ. അഭിഭാഷകർക്കൊപ്പം ബെംഗളുരു ഇഡി ഓഫീസിലെത്തി ബിനീഷിനെ കാണാൻ കഴിയാതെ മടങ്ങിയശേഷമാണ് ബിനോയിയുടെ പ്രതികരണം.
ബിനീഷിന്റെ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും കേന്ദ്ര ഏജൻസി പരിഗണിക്കുന്നില്ലെന്നും അഭിഭാഷകരെ കാണാനോ വക്കാലത്ത് മാറ്റാനോ പോലും ഇഡി അനുവദിച്ചില്ലെന്നും ബിനോയ് പ്രതികരിച്ചു. കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാൻ സഹോദരൻ ബിനോയ് എത്തിയതിനേത്തുടർന്ന് ബെംഗളുരു ഇഡി ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു.
സഹോദരനെ കാണണമെന്ന് ബിനോയിയും ഒപ്പമെത്തിയ അഭിഭാഷകരും അഭ്യർത്ഥിച്ചെങ്കിലും ഇഡി ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ബിനോയ് കോടിയേരി അരമണിക്കൂറോളം ഓഫീസിൽ കാത്തിരുന്നു. ഇതിനേത്തുടർന്ന് ബിനോയിയുടെ ഒപ്പമെത്തിയ അഭിഭാഷകരും ഇ ഡി ഉദ്യോഗസ്ഥരും തമ്മിൽ തർക്കമായി. ഇതോടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ലോക്കൽ പൊലീസിനെ വിളിച്ചുവരുത്തി. തുടർന്ന് ബിനീഷിനെ കാണാനാകാതെ ബിനോയ് ഇഡി ഓഫീസിൽ നിന്ന് മടങ്ങുകയായിരുന്നു.
“വക്കാലത്ത് മാറ്റാൻ വേണ്ടിയാണ് ബിനീഷിനെ കാണാൻ ഇഡി ഓഫീസിൽ എത്തിയതെന്ന് ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു. വക്കാലത്ത് ഒപ്പിടുവിക്കാൻ ഇഡി അനുവദിച്ചില്ല. അവധി ദിവസങ്ങളാണ് വരുന്നതെന്ന് പറഞ്ഞെങ്കിലും കാണാൻ അനുമതി നൽകിയില്ലെന്ന് മാത്രമല്ല, ഒരു തരത്തിലുള്ള ആശയവിനിമയവും അനുവദിക്കുന്നില്ലെന്നും പറഞ്ഞു.
ആശയവിനിമയം പൂർണമായും തടഞ്ഞു. ബിനീഷിനെ കേന്ദ്ര ഏജൻസി കസ്റ്റഡിയിൽ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും ബിനോയ് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാള്ച്ച കോടതിയിൽ വരുമ്പോൾ കണ്ടാൽ മതിയെന്നാണ് പറഞ്ഞത്. ഇപ്പോൾ ബെംഗളുരു ഇഡി ഓഫീസിലുള്ള ബിനീഷിനെ വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ്.