മുംബൈ: അക്ഷയ്കുമാര്‍ നായകനാകുന്ന ലക്ഷ്മി ബോംബ് എന്ന സിനിമയുടെ ടൈറ്റില്‍ മാറ്റി. ലക്ഷ്മി എന്നാണു പുതിയ ടൈറ്റില്‍. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെത്തുടര്‍ന്നാണ് സിനിമയുടെ പേരില്‍ മാറ്റം വരുത്തിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ണി സേന വക്കീല്‍ നോട്ടീസ് അയച്ചെന്ന വാര്‍ത്തയും കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. പ്രതിഷേധം കനത്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.
രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ വ്യത്യസ്ത ലുക്ക് തന്നെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ സെന്‍സറിങ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണു സിനിമയുടെ പേരു മാറ്റാന്‍ തീരുമാനമായത്.2011 ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി എന്ന ചിത്രം. നവംബര്‍ ഒമ്ബതിനാണു ചിത്രത്തിന്റെ റിലീസ്.
തുഷാര്‍ കപൂര്‍ , മുസ്ഖാന് ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. അക്ഷയ്കുമാറിന്റെ ഇതിനു മുമ്ബ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് അണിയറക്കാര്‍ പറയുന്നത്. അക്ഷയ്കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം ബ്ലോക്ക് ബസ്റ്റര്‍ വര്‍ഷമായിരുന്നു. ‘ലക്ഷ്മി’യും അതിന്റെ തുടര്‍ച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്