തേയിലക്കൊളുന്തിന്‍റെ വില സർവ്വകാല റെക്കോഡിൽ

ഇടുക്കി: തേയിലക്കൊളുന്തിന്‍റെ വില സർവ്വകാല റെക്കോഡിലെത്തി. കിലോയ്ക്ക് 30 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ ലഭിക്കുന്ന വില. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് തേയിലക്കൊളുന്തിന്‍റെ വില കിലോയ്ക്ക് 20 രൂപയ്ക്ക് മുകളിലെത്തുന്നത്. എന്നാൽ തേയിലപ്പൊടി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മൂലം കൂടിയ വില അധിക ദിവസം ലഭിക്കില്ലെന്നാണ് കർഷകരുടെ ആശങ്ക.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം നാലിലൊന്നായി കുറഞ്ഞതാണ് വില കൂടാൻ കാരണം. ലോക്ക് ഡൗണ്‍ മൂലം ഉൽപ്പാദനം കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് തേയിലപ്പൊടി ഇറക്കുമതി ചെയ്യാനുള്ള അനുമതി വൻകിടക്കാർ നേടിയെടുത്തത്. ഇറക്കുമതി തീരുമാനത്തിനെതിരെ സമരം ശക്തമാക്കാനുളള തീരുമാനത്തിലാണ് കർഷക സംഘടനകൾ.

തേയില ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കഷക സംഘടനകൾ സമര രംഗത്തെത്തിയിട്ടുണ്ട്. അടുത്തു തന്നെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇൻഡോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ തേയിലപ്പൊടി ഇറക്കുമതി ചെയ്ത് ഇന്ത്യൻ തേയിലപ്പൊടിയുമായി കൂട്ടിക്കലർത്തി കയറ്റുമതി ചെയ്യാനാണ് നീക്കം നടക്കുന്നത്.

യൂറോപ്പിൽ ഇന്ത്യൻ തേയിലപ്പൊടിക്കാണ് ഡിമാൻഡ്. നികുതി വെട്ടിക്കാൻ ശ്രീലങ്കയിൽ എത്തിച്ച ശേഷമായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. ഇതോടെ തേയിലയുടെ വില കുത്തനെ ഇടിയുകയും ചെയ്യും.