ഒറ്റപ്പാലം: വരോട് ആശ്രയഭവനം വൃദ്ധസദനത്തിൽ അന്തേവാസിയെ അടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം സൗത്ത് പുതുവൈപ്പിൻ കളത്തിൽപറമ്പിൽ ചന്ദ്രദാസാണ് (86) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹ അന്തേവാസി കോട്ടയം പാല രാമപുരം കിഴക്കേടത്തുവീട്ടിൽ ബാലകൃഷ്ണൻ നായരെ (80) പോലീസ് അറസ്റ്റ് ചെയ്തു.
ആശ്രയഭവനത്തിലെത്തിയ ജീവനക്കാരിയാണ് ചന്ദ്രദാസിനെ കണ്ടത്.
ഇടനാഴിയിലെ കട്ടിലിനടുത്ത് മരിച്ചനിലയിൽ കണ്ടത്. കട്ടിലിനടുത്തായിരുന്നു മൃതദേഹം. തുടർന്ന്, ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചന്ദ്രദാസും ബാലകൃഷ്ണൻ നായരും തമ്മിൽ ചൊവ്വാഴ്ചരാത്രി തർക്കമുണ്ടായതായി മറ്റൊരു അന്തേവാസി പോലീസിന് മൊഴിനൽകിയിട്ടുണ്ട്.
മരപ്പലകകൊണ്ട് തലക്കടിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. വൃദ്ധസദനത്തിനടുത്ത പറമ്പിൽനിന്ന് മരപ്പലക കണ്ടെടുത്തു. ഇവർ രണ്ടുപേരും തമ്മിൽ സ്ഥിരമായി ചെറിയ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാകാറുള്ളതായി അന്തേവാസികളും ആശ്രയഭവനം നടത്തിപ്പുകാരും പറയുന്നു.
ഒരു സ്ത്രീയുൾപ്പെടെ ആറ് അന്തേവാസികളാണ് ഇവിടെയുള്ളത്. ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്.പി. ടി.കെ. വിഷ്ണുപ്രദീപ്, സി.ഐ. എം. സുജിത്ത്, എസ്.ഐ. എസ്. അനീഷ് എന്നിവർ സ്ഥലത്തെത്തി പരിശോധനനടത്തി. ഒപ്പം ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയ വിഭാഗങ്ങളും സ്ഥലത്തെത്തി പരിശോധനനടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.