തിരുവനന്തപുരം: സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടിയെ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി സ്വാഗതം ചെയ്തു. എന്നാൽ സാമ്പത്തിക സംവരണത്തിൽ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച മുസ്ലിം ലീഗിനെ വിമർശിച്ച് വിഡി സതീശൻ. വിഷയത്തിൽ ലീഗ് തിടുക്കം കാട്ടിയെന്ന് പറഞ്ഞ അദ്ദേഹം, യുഡിഎഫിൽ ആലോചിക്കുന്നതിന് മുൻപ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു. എന്നാൽ മുസ്ലിം ലീഗിന്റേത് പ്രഖ്യാപിത നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി.
രാഷ്ട്രീയ കാര്യസമിതി യോഗത്തിലായിരുന്നു സതീശന്റെ വിമർശനം. സാമ്പത്തിക സംവരണ വിഷയത്തിൽ കോൺഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്താൻ യോഗം തീരുമാനിച്ചു. സംവരണത്തിൽ കോൺഗ്രസിന്റേത് പ്രഖ്യാപിത നിലപാട് തന്നെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടിയെ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി ഇന്ന് സ്വാഗതം ചെയ്തിരുന്നു.
സാമ്പത്തിക സംവരണം കോൺഗ്രസിന്റെ ദേശീയ നിലപാടാണെന്നും മുന്നോക്ക വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും ആശങ്കകൾ പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴിന് പൂർണ ദിവസ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും. ഇന്ന് ഓൺലൈനായാണ് യോഗം ചേർന്നത്.