തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാർക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും വിചാരണക്കോടതിയിൽ നേരിട്ടെത്തിയാണ് ജാമ്യം എടുത്തത്. 35,000 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം.
കേസ് നവംബർ 12ന് വീണ്ടും പരിഗണിക്കും. മന്ത്രിമാരടക്കമുള്ള ആറ് പ്രതികളും വിടുതൽ ഹർജി ഫയൽ ചെയ്തു. കേസിൽ മന്ത്രിമാർ നേരിട്ട് ഹാജരാകാത്തതിൽ നേരത്തെ കോടതി അതൃപ്തി അറിയിച്ചിരുന്നു.
ഹൈക്കോടതിയിൽ കേസ് നിൽക്കുന്നതിനാൽ പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചില്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ കോടതി തള്ളിയതോടെ മറ്റു പ്രതികളായ കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്, വി ശിവൻകുട്ടി എന്നിവർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നേരത്തെ ജാമ്യമെടുത്തിരുന്നു.
നിയമസഭാ കയ്യാങ്കളി കേസിൽ തിരുവനന്തപുരം സി.ജെ.എം കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളിയിരുന്നു. 2015ൽ ആണ് ബാർ കോഴ വിവാദത്തിൽപ്പെട്ട കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്.
സ്‌പീക്കറുടെ കസേരയടക്കം മറിച്ചിട്ട അസാധാരണ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടത് നേതാക്കൾക്കെതിരായ കേസ്. പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു.
നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ 6 എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.