കൊച്ചി: സ്വർണക്കടത്തിന് പിന്നിൽ പ്രവാസിയും മലയാളി വ്യവസായിയായ ‘ദാവൂദ് അൽ അറബി’യാണെന്ന് കേസിലെ പ്രതി കെ.ടി. റമീസിന്റെ മൊഴി. ദാവൂദ് അൽ അറബി എന്നാണ് ഈ വ്യവസായി അറിയപ്പെടുന്നത്. നയതന്ത്ര സ്വർണക്കടത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് റമീസ് കസ്റ്റംസിന് മൊഴി നൽകിയത്.
12 തവണ ഇയാൾക്ക് വേണ്ടി സ്വർണം കടത്തിയെന്നാണ് മൊഴിയിലുള്ളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം.
കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോർഡിന് മുമ്പാകെയാണ് റമീസിന്റെ ഈ മൊഴിപ്പകർപ്പ് കസ്റ്റംസ് സമർപ്പിച്ചിരിക്കുന്നത്. മൊഴിയുടെ പൂർണരൂപമല്ല മറിച്ച് മൊഴിയുടെ വിശദാംശങ്ങൾ പ്രതികളെ കരുതൽ തടങ്കലിലാക്കാനായി ബോർഡിന് മുമ്പാകെ സമർപ്പിച്ചത്.
166 കിലോ ഗ്രാം സ്വർണം കടത്തിയെന്നാണ് എൻഐഎ റിപ്പോർട്ടിലുള്ളത്. 21 തവണ കടത്തുകയും 21 ാം മത്തെ തവണ പിടിക്കപ്പെടുകയുമായിരുന്നു.