ആംബുലന്‍സില്‍ കൊറോണ രോഗിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പത്തനംതിട്ട: ആംബുലന്‍സില്‍ കൊറോണ രോഗിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കായംകുളം സ്വദേശി നൗഫലാണ് പ്രതി. കുറ്റകൃത്യം നടന്ന് 47 ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയത്. കേസില്‍ 94 സാക്ഷികളാണുള്ളത്. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.

പ്രതി നൗഫല്‍ കൊറോണ രോഗിയായ പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.കേസില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൊലീസ് അന്വേഷണം പൂര്‍ത്തീകരിച്ചത്. സെപ്തംബര്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് 47 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച്‌ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു.

അര്‍ധരാത്രി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കേസിലെ പ്രതിയായ നൗഫലിനെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പിടികൂടിയിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവാണ് കേസില്‍ അന്വേഷണം നടത്തിയത്.