പെരിയകേസ് ; സുപ്രീംകോടതി അഭിഭാഷകർക്ക് മുൻകാല പ്രാബല്യത്തോടെ വിമാനയാത്രക്കൂലിയും ഹോട്ടൽ ചെലവും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ ഏറ്റെടുത്തതിനെതിരെയുള്ള വാദത്തിനായി എത്തിയ സുപ്രീംകോടതി അഭിഭാഷകർക്ക് വിമാനയാത്രക്കൂലിയും ഹോട്ടൽ താമസവും അനുവദിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ അഭ്യർഥന മാനിച്ചാണ് സർക്കാർ നടപടി. തുക അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ.ജോസാണ് ഉത്തരവിറക്കിയത്.

ഫീസിനു പുറമേയാണ് യാത്രാപ്പടിയും ഹോട്ടൽ ചെലവും അനുവദിച്ചത്. ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള ബിസിനസ് ക്ലാസ് യാത്രാപ്പടിയും മുന്തിയ ഹോട്ടലിലെ താമസത്തിനുമാണ് പണം മുൻകൂറായി അനുവദിച്ചത്. എന്നാൽ തുക എത്രയെന്നു വ്യക്തമാക്കിയിട്ടില്ല.

നേരത്തെ അൻപതു ലക്ഷത്തിലേറെ രൂപയാണ് സുപ്രീംകോടതിയിൽ നിന്നെത്തിയ അഭിഭാഷകർക്ക് വിവിധ ഘട്ടങ്ങളിലായി ഫീസിനത്തിൽ അനുവദിച്ചിരുന്നത്.