സ്വർണക്കടത്ത് ; മുഖ്യപ്രതി റബ്ബിൻസിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ എൻഐഎ അറസ്റ്റ് ചെയ്തു

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി റബ്ബിൻസ് ഹമീദ് അറസ്റ്റിൽ. യു എ ഇ പോലീസ് അറസ്റ് ചെയ്ത ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. വൈകിട്ട് 4.20ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ എൻഐഎ സംഘം അറസ്റ്റ് ചെയ്തു. സ്വർണക്കടത്ത് കേസ് വാർത്തകളിൽ നിറഞ്ഞതോടെ ഇയാൾ വിദേശത്ത് ഒളിവിലായിരുന്നു. ഇതിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകർക്കാൻ ശ്രമിച്ചു എന്ന കാരണത്തിൽ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാൾക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൈസൽ ഫരീദിനെയും യുഎഇ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഉൾപ്പെടെ വിദേശത്തുള്ള ആറു പ്രതികൾക്കെതിരെ കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. ഇതിന്റെ തുടർ നടപടിയായാണ് റബ്ബിൻസിനെ ഇപ്പോൾ ഇന്ത്യയ്ക്കു കൈമാറിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസ് അന്വേഷണത്തിന് എല്ലാ സഹായവും യുഎഇ വാഗ്ദാനം ചെയ്തിരുന്നു. ഫൈസൽ ഫരീദിനെയും റബ്ബിൻസിനെയും യുഎഇ അറസ്റ്റ് ചെയ്തതായി എൻഐഎ അന്വേഷണ സംഘം നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.