വാളയാർ പീഡനക്കേസ്; കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി നിർബന്ധിച്ചു; നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ അച്ഛൻ

കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പെൺകുട്ടികളുടെ അച്ഛനെ ഡിവൈഎസ്പി സോജൻ വിളിപ്പിച്ചിരുന്നു എന്നും അന്ന് തന്നോട് കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി സോജൻ
നിർബന്ധിച്ചെന്നും കുട്ടികളുടെ അച്ഛൻ വെളിപ്പെടുത്തി. കേസ് ഏറ്റെടുത്താൽ തന്നെ രക്ഷിക്കാമെന്ന് സോജൻ ഉറപ്പ് നൽകി എന്നും അദ്ദേഹം പറഞ്ഞു.

മനോവിഷമത്താൽ രാത്രി വീട്ടിൽ വന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ പെൺകുട്ടികളുടെ അമ്മയുടെ ദേഹത്ത് കാല് തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്നും വിഷയത്തിൽ സർക്കാർ വഞ്ചിച്ചെന്നും അച്ഛൻ പറഞ്ഞു

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി കുടുംബം ഒരാഴ്ച നീണ്ടുനിൽക്കുന്ന സത്യാഗ്രഹം ആരംഭിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ കേസ് പുനരന്വേഷിക്കുക, ഡിവൈഎസ്പി സോജന് സ്ഥാനകയറ്റം നൽകാനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

രാവിലെ കെടാവിളക്കിൽ തിരിതെളിയിച്ചാണ് പെൺകുട്ടികളുടെ അച്ഛനും അമ്മയും സമരപന്തലിൽ എത്തിയത്. നീതിക്കുവേണ്ടിയും സമൂഹ മനസാക്ഷി ഉണർത്താനും ഒരാഴ്ച സമരം നടത്തുമെന്നാണ് ഇവരുടെ പ്രഖ്യാപനം.