തിരുവനന്തപുരം: സ്വപ്ന സുരേഷടക്കം പ്രതിയായ ഡോളർ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത ആക്സിസ് ബാങ്ക് തിരുവനന്തപുരം കരമന ബ്രാഞ്ച് മാനേജരെ സസ്പെന്റ് ചെയ്തു. സ്വപ്ന സുരേഷിനും യുഎഇ കോൺസുലേറ്റിനും കരമന ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ടായിരുന്നു. കൈക്കൂലി പണം ഡോളറാക്കി മാറ്റാൻ ശേഷാദ്രി സഹായിച്ചുവെന്നായിരുന്നു സ്വപ്നയുടെ മൊഴി.
പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് സസ്പെൻഡ് ചെയ്തത്. ഡോളർ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ശേഷാദ്രിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സ്വർണക്കടത്ത് കേസ്, ലൈഫ്മിഷൻ ക്രമക്കേട് എന്നിങ്ങനെ രണ്ട് കേസുകളിലും അന്വേഷണ പരിധിയിലുള്ള ആളാണ് ആക്സിസ് ബാങ്ക് കരമന ശാഖ മാനേജരായ ശേഷാദ്രി അയ്യർ. മാനേജർക്ക് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം ഉണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സ്വപ്ന സുരേഷിനും യു എ ഇ കോൺസുലേറ്റിനും ഈ ബാങ്കിൽ അക്കൗണ്ടുകൾ ഉണ്ട്. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നിരവധി അനധികൃതമായ ക്രമക്കേടുകൾ നടന്നിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും വിജിലൻസും കണ്ടെത്തിയിരു. ഇയാളെ പലതവണ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതെ തുടർന്നാണ് നടപടി.