2500 രൂപയ്ക്ക് വ്യാജ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ; 45 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തി; ലാബ് ഉടമ പിടിയിൽ

കൊച്ചി: വ്യാജ കൊറോണ സർട്ടിഫിക്കറ്റുകൾ നൽകി നാൽപത്തിയഞ്ച് ലക്ഷത്തോളം രൂപ തട്ടിയ മലപ്പുറം വളാഞ്ചേരിയിലെ അർമ ലാബ് ഉടമയടക്കം രണ്ട് പേർ അറസ്റ്റിലായി. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കേസിലെ രണ്ടാം പ്രതിയും അർമ ലാബ് ഉടമയുടെ മകനുമായ സജീദ് എസ് സാദത്തിനെയും ജീവനക്കാരനായ മുഹമ്മദ് ഉനൈസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായത്. ഒന്നാം പ്രതിയായ തൂത സ്വദേശി സുനിൽ‍ സാദത്തിനായി അന്വേഷണം തുടരുകയാണ്.

കൊറോണ ടെസ്റ്റ് നടത്താതെ കൊറോണ നെഗറ്റീവ് എന്ന വ്യാജസർട്ടിഫിക്കറ്റ് നൽകി 2000 ആളുകളിൽ നിന്നായി പണം തട്ടിയെന്നാണ് കേസ്. സഞ്ജീദിനെ ചോദ്യം ചെയ്തപ്പോൾ ലബോട്ടറിയിലെ മറ്റൊരു ജീവനക്കാരനും കുറ്റകൃത്യത്തിൽ പങ്കാളിയായതായി കണ്ടെത്തി. കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസാണ് പുതിയതായി പ്രതിചേർക്കപ്പെട്ടത്. ഇയാളേയും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം പതിനാലിനാണ് പെരിന്തൽമണ്ണ സ്വദേശി കോറോണാ പരിശോധനയ്ക്ക് കോഴിക്കോട്ടെ മൈക്രോ ലാബിൻ്റെ ഫ്രാഞ്ചൈസിയായ വളാഞ്ചേരിയിലെ അർമ ലാബിലെത്തിയത്. പരിശോധനയ്ക്കു ശേഷം കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും നൽകിയിരുന്നു. എന്നാൽ പിന്നീട് ഇതേയാൾക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിൽ നിന്ന് സന്ദേശവുമെത്തി.

പെരിന്തൽമണ്ണ സ്വദേശി പരാതിയുമായി മൈക്രോ ലാബിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അർമ ലാബിൽ പരിശോധന നടത്തിയ രണ്ടായിരത്തി അഞ്ഞൂറ് പേരിൽ 496 പേരുടെ സാമ്പിളുകൾ മാത്രമാണ് പരിശോധനയ്ക്ക് മൈക്രോ ലാബിലേക്കയച്ചത്.

ഒരാളിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറ് എന്ന കണക്കിൽ രണ്ടായിരം പേരിൽ നിന്നും ഈടാക്കാകിയ തുക സ്വന്തം കീശയിലാക്കി. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ലാബ് സീൽ ചെയ്തിരുന്നു. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ കരിപ്പൂരിൽ നിന്നും ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.