കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് താമസിയാതെ യുഡിഎഫിൽ ചേരുമെന്ന് സൂചന. ദീർഘനാളായി എന്‍ഡിഎ മുന്നണിയിൽ നിന്നെങ്കിലും കാര്യമായ നേട്ടമില്ലാത്ത സാഹചര്യത്തിലാണ് പിസി തോമസ് മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.
മുന്നണി പ്രവേശനത്തിന് പിസി തോമസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തി.
ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെയാണ് തോമസും കൂട്ടരും യുഡിഎഫ് പ്രവേശനത്തിനു താത്പര്യം പ്രകടിപ്പിച്ചത്. കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗവുമായി യോജിക്കാനായിരുന്നു ആദ്യ ചര്‍ച്ചയെങ്കിലും ഈ നീക്കത്തിനു ജോസഫ് ഗ്രൂപ്പില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി മുന്നണിയിലെത്താനുള്ള നീക്കം തോമസ് ആരംഭിച്ചത്.
നിയമസഭയിലേക്ക് പാലാ, പൂഞ്ഞാര്‍, കോതമംഗലം സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാനാണ് തോമസ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പഴയ മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ഈ നിയമസഭാ മണ്ഡലങ്ങളില്‍ തോമസിനു വ്യക്തിബന്ധങ്ങളും സ്വാധീനവുമുണ്ട്. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ ഉറപ്പൊന്നും ഇതുവരെ നല്‍കിയിട്ടില്ല.
എന്‍ഡിഎ മുന്നണിയില്‍ നിന്നും പുറത്തുപോകണമെന്ന് പാര്‍ട്ടിക്കുള്ളിലും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി വൈസ് ചെയര്മാന് രാജന് കണ്ണാട്ടടക്കം തോമസിൻ്റെ നീക്കങ്ങൾക്ക് പൂർണ പിന്തുണയുമായി രംഗത്തുണ്ട്. പാര്‍ട്ടിയുടെ പല നേതാക്കളും തോമസിനെ നേരില്‍ കണ്ടു എന്‍ഡിഎ വിടണമെന്നും യുഡിഎഫ് മുന്നണയില്‍ ചേരണമെന്നും ആവശ്യമുന്നയിച്ചിരുന്നു.
എന്‍ഡിഎ മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോര്പറേഷന്, ബോര്‍ഡ് സ്ഥാനങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.ഇക്കാര്യം തോമസ് എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.