കേരള പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം

തിരുവനന്തപുരം: കേരള പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം ലഭിച്ചു. രാജ്യാന്തരതലത്തിൽ ഏറെ വിലമതിക്കപ്പെടുന്നതാണ് എൻ.എ.ബി.എൽ അംഗീകാരം. ഇതോടെ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ റിപ്പോർട്ടുകൾക്ക് അന്തർദേശീയ നിലവാരം ഉണ്ടാകും.

നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻറ് കാലിബറേഷൻ ഓഫ് ലബോറട്ടറീസ് (എൻ.എ.ബി.എൽ) നൽകുന്ന ഐ.എസ്.ഒ അംഗീകാരമാണ് കേരള പൊലീസിൻ്റെ ഫോറൻസിക് ലാബിന് ലഭിച്ചത്.

അംഗീകാരത്തിനായി കഴിഞ്ഞവർഷം തന്നെ അപേക്ഷിച്ചിരുന്നുവെങ്കിലും കൊറോണ വ്യാപനം കാരണം നേരിട്ടുള്ള പരിശോധനകൾ നടത്തിയിരുന്നില്ല. തുടർന്ന് ബോർഡിൻ്റെ അഞ്ചംഗ സമിതി നടത്തിയ ഓൺലൈൻ പരിശോധനകൾക്ക് ശേഷമാണ് ലബോറട്ടറിക്ക് അംഗീകാരം നൽകിയത്.

ഓൺലൈൻ പരിശോധനയിലൂടെ ഇന്ത്യയിലെ ഒരു ഫോറൻസിക് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്. തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ മേഖലാ ഫോറൻസിക് സയൻസ് ലബോറട്ടറി നിലവിലുണ്ട്. തൃശൂരിലെ ലബോറട്ടറിയിൽ നർകോട്ടിക് വിഭാഗവും പോളിഗ്രാഫ് വിഭാഗവും പ്രവർത്തിച്ചുവരുന്നു. കൂടാതെ എല്ലാ പോലീസ് ജില്ലകളിലും ജില്ലാ മൊബൈൽ ഫോറൻസിക് യൂണിറ്റുകൾ നിലവിലുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ ഫോറൻസിക് ലബോറട്ടറികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിരവധി സുപ്രധാന കേസുകളിൽ നിർണ്ണായകമായ തെളിവുകൾ കണ്ടെത്തിയിട്ടുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി 1961 ലാണ് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.തങ്കവേലു ആയിരുന്നു ആദ്യത്തെ ഓണററി ഡയറക്ടർ. കെമിക്കൽ, ബാലിസ്റ്റിക്, ഡോക്യൂമെൻറ്, ബയോളജി, സെറോളജി, എക്പ്ലോസീവ്, സൈബർ, ഡി.എൻ.എ എന്നീ വിഭാഗങ്ങളിലായി നിരവധി ആധുനികസാങ്കേതിക ഉപകരണങ്ങളും സാങ്കേതികവിദഗ്ധരും ഇപ്പോൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഉണ്ട്.