ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ മാത്രമല്ല; ലൈസൻസ് പോയേക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനക്കാർ ഇനി മുതൽ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ കൈയിലെ കാശ് പോകുമോ എന്ന് മാത്രമല്ല ലൈസൻസ് പോകുമോ എന്നും ചിന്തിക്കണം. വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് മൂന്ന് മാസം വരെ റദ്ദ് ചെയ്യാനാണ് നീക്കം. ഒപ്പം സെക്ഷൻ 194 പ്രകാരം 1000 രൂപ പിഴയും നൽകണം. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതോടെ സംസ്ഥാനത്ത് 20 ശതമാനം വരെ വാഹനാപകടങ്ങൾ കുറയ്ക്കാനാവുമെന്നാണ് കണക്കാക്കുന്നത്.

കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിക്കുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജോയ്ന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എംപി അജിത്ത് കുമാർ പറഞ്ഞു. നിലവിൽ സെക്ഷൻ 200 പ്രകാരം സംസ്ഥാനത്തിനുളള അധികാരം ഉപയോഗിച്ച് പിഴ തുക 500 രൂപ ആക്കി കുറച്ചിട്ടുണ്ട്.

2020 ഒക്ടേബർ മുതൽ മോട്ടോർ വാഹന നിയമപ്രകാരം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ പോലീസ് ഉദ്യോഗസ്ഥർക്കും ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്ന യാത്രക്കാരുടെ ഡ്രൈവിങ്ങ് ലൈസൻസ് പിടിച്ചെടുക്കാൻ കഴിയും.