മരണദിവസം വൈകുന്നേരവും ഹാരിസ് ഭാര്യയോട് സംസാരിച്ചിരുന്നു; പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊറോണ ബാധിതനായ രോഗി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മരിച്ച ദിവസം പോലും ഹാരിസ് തങ്ങളോട് സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

മരണദിവസം വൈകുന്നേരം അഞ്ച് മണിയ്ക്ക് ഭാര്യയോട് സംസാരിച്ചിരുന്നു. ആറ് മണിയോടെയാണ് ഹാരിസ് മരിച്ചതായി ആശുപത്രിയിൽ നിന്ന് വിവരം ലഭിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ ഓക്‌സിജന്‍ കിട്ടാതെ മരിച്ച ഹാരിസിന്റെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആശുപത്രിയിൽ നിന്നുണ്ടായ അനാസ്ഥ മൂലം ആണ് ഹാരിസ് മരിച്ചത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതേ തുടർന്നാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്.

ഹാരിസിന്റെ മരണം കൊറോണ ഐസിയുവിലെ അനാസ്ഥ കൊണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരന്‍ അന്‍വര്‍ വ്യക്തമാക്കി. ഹാരിസിന്റെ മരണം സംബന്ധിച്ച് ആശുപത്രി ജീവനക്കാര്‍ക്ക് ഇടയില്‍ കാര്യമായ ചര്‍ച്ച നടന്നു എന്നതിന്റെ തെളിവാണ് പേര് പറഞ്ഞുള്ള നഴ്‌സിംഗ് ഓഫീസറുടെ സന്ദേശം.

മരിച്ച ഹാരിസിന്റെ സഹോദരന്റെ വീട്ടിലെത്തിയാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതാണ് ഹാരിസിന്റെ മരണത്തിലേക്ക് നയിച്ചതെന്ന നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുടുംബം പരാതി നല്‍കിയത്.

ഡ്യൂട്ടി ഷിഫ്റ്റ് പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര ജീവനക്കാര്‍ എന്നിവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഷിഫ്റ്റ് വിവരങ്ങള്‍ കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കൊറോണ ചികിത്സയിലിരിക്കെ മരിച്ച ബൈഹക്കിയുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. വെന്റിലേറ്ററിലേയ്ക്ക് മാറ്റാന്‍ മണിക്കൂറുകള്‍ വൈകിയെന്നാണ് പരാതി. നല്ല ശ്രദ്ധ കിട്ടണമെങ്കില്‍ പണം കൊടുക്കണമെന്ന ബൈഹക്കിയുടെ ശബ്ദ സന്ദേശം സംബന്ധിച്ചും പരിശോധന വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. അതേ സമയം കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകള്‍ മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
അതേസമയം സൈബർ ആക്രമണം നടക്കുന്നുവെന്ന ഡോക്ടർ നജ്മയുടെ പരാതിയിലും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.