28.75 ലക്ഷത്തിൻ്റെ സാമ്പത്തിക തട്ടിപ്പ് ; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പു കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസ്സോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറന്മുള സ്വദേശിയിൽ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിൽ ആറന്മുള പൊലീസാണ് കുമ്മനെതിനെതിരെ കേസ് കൊടുത്തത്. കുമ്മനത്തിൻ്റെ മുൻ പിഎ ആയിരുന്ന പ്രവീണാണ് കേസിൽ ഒന്നാം പ്രതി. കേസിൽ അഞ്ചാം പ്രതിയാണ് കുമ്മനം രാജശേഖരൻ.

പേപ്പർ കോട്ടൺ മിക്സ് നി‍ർമ്മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാ​ഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനിൽ നിന്നും പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. 28.75 ലക്ഷം കമ്പനിയിൽ നിക്ഷേപിച്ചെങ്കിലും വ‍ർഷങ്ങൾ കഴി‍ഞ്ഞിട്ടും യാതൊരു തുട‍ർ നടപടിയും ഉണ്ടായില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയതെന്ന് ഹരികൃഷ്ണൻ പറയുന്നു.

കുമ്മനവും പ്രവീണുമടക്കം ഒൻപത് പേരെയാണ് കേസിൽ പ്രതിയായി ചേ‍ർത്തിട്ടുള്ളത്. കുമ്മനം മിസോറാം ​ഗവർണറായിരുന്ന സമയത്താണ് പണം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. പണം തിരികെ കിട്ടാൻ പലവട്ടം മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നതായും ഹരികൃഷ്ണൻ പറയുന്നത്. മധ്യസ്ഥ ച‍ർച്ചകളുടെ അടിസ്ഥാനത്തിൽ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയിട്ടും അവശേഷിച്ച പണം കൂടി കിട്ടണമെന്നുമാണ് പരാതിയിൽ പറയുന്നത്.

പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി തുട‍ർനടപടികൾക്കായി ഡിവൈഎസ്പിക്ക് കൈമാറി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പുനുള്ള വകുപ്പുകൾ ചേ‍ർത്ത് കുമ്മനമടക്കം ഒൻപത് പേരെ പ്രതിയാക്കി കേസെടുത്തത്. ഐപിസി 406, 420 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

പാലക്കാട് കൊല്ലങ്കോട്ട് സ്വദേശി വിജയൻ, സേവ്യ‍ർ, ബിജെപി ആ‍ർആർഐ സെൽ കൺവീന‍ർ എൻ.ഹരികുമാ‍ർ, വിജയൻ, വിജയൻ്റെ ഭാര്യ കൃഷ്ണവേണി എന്നിവരെയാണ് കേസിൽ പ്രതികളായി ചേ‍ർത്തിട്ടുള്ളത്. പ്രവീണിൻ്റെ വിവാഹപരിപാടിയിൽ കുമ്മനം 10000 കൈവായ്പ്പയായി വാങ്ങിയതായും പരാതിയിൽ പറയുന്നു.

മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ വേണ്ടിയാണ് ആ സ്ഥാനം രാജിവച്ചത്. തിരുവനന്തപുരത്ത് പരാജയപ്പെട്ട ശേഷം പ്രധാനപ്പെട്ട പദവികളൊന്നും പാർട്ടി അദ്ദേഹത്തിന് നൽകിയിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു.