മരണ സർട്ടിഫിക്കറ്റ് നൽകാൻ 3000 രൂപ കൈക്കൂലി; തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ ഭിക്ഷ യാചിച്ച് മുത്തശ്ശിയും പിഞ്ചുകുഞ്ഞുങ്ങളും

ഈറോഡ് : മകളുടെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 3000 രൂപ കൈക്കൂലി നൽകണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പണം കണ്ടെത്താന്‍ മുത്തശ്ശിയും പിഞ്ചുകുഞ്ഞുങ്ങളും ഭിക്ഷാടനത്തിന് ഇറങ്ങി. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂര്‍ ആലാംപാളയത്തില്‍ താമസിക്കുന്ന ജ്യോതിമണിയും പേരക്കുട്ടികളുമാണ് തഹസില്‍ദാര്‍ ഓഫീസിനു മുന്നിൽ ഭിക്ഷ യാചിക്കുന്ന ഹൃദയഭേദകമായ സംഭവം ഉണ്ടായത്.

ഭിക്ഷയാചിക്കുന്നതിന് കാരണം വ്യക്തമാക്കുന്ന പ്ളക്കാര്‍ഡും ഇവര്‍ മുന്നില്‍ വെച്ചിരുന്നു. ജ്യോതിമണിയുടെ മകള്‍ പ്രിയ ഏപ്രില്‍ 16-ന് അസുഖം മൂലം മരിച്ചിരുന്നു. തുടര്‍ന്ന്, പ്രിയയുടെ മക്കളായ കുട്ടികള്‍ക്ക് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനു വേണ്ടി അന്തിയൂരിനടുത്തുള്ള മാതതാര്‍ ഗ്രാമനിര്‍വാഹക അധികാരിക്ക് അപേക്ഷ നല്‍കി.

പല പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് ജ്യോതിമണി പറയുന്നു. 3,000 രൂപ നല്‍കിയാലേ സര്‍ട്ടിഫിക്കറ്റ് തരാന്‍പറ്റൂ എന്ന് അധികാരി പറഞ്ഞു. ഇതേത്തുടര്‍ന്ന് പണമില്ലാത്തിനാല്‍ താനും കൊച്ചുമക്കളും ഭിക്ഷയെടുത്ത്‌ കൈക്കൂലി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജ്യോതിമണി പറഞ്ഞു.

തഹസില്‍ദാര്‍ ഓഫീസിനുമുന്നിലിരുന്ന് മൂവരും ഭിക്ഷയാചിക്കുന്നത് കണ്ട് ജനം ഇവര്‍ക്കു മുന്നില്‍ തടിച്ചുകൂടി. വിവരം അറിഞ്ഞ തഹസില്‍ദാര്‍ മുത്തശ്ശിയെയും പിഞ്ചുകുട്ടികളെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.