തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റിങ് വേണ്ടെന്ന തീരുമാനം അഴിമതി മൂടിവയ്ക്കാൻ ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റിങ് വേണ്ട എന്ന തീരുമാനം അഴിമതി മൂടിവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 -20ലെ ഓഡിറ്റ് തന്നെ നിർത്തിവെക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നിർദേശം നിയമ വിരുദ്ധമാണെന്നും നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തുന്ന നടപടിയാണെന്നും ചെന്നിത്തല ആരോപിച്ചു.

“ലോക്കൽ ഫണ്ട് ഓഡിറ്റ് ആക്റ്റ് പ്രാകരം ഓഡിറ്റ് വകുപ്പിന് ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റാതെ ഒരു ഓഡിറ്റും വേണ്ടെന്ന ഉത്തരവിറക്കാൻ ഓഡിറ്റ് ഡയറക്ടർക്ക് ഒരധികാരവുമില്ല. ഇത്തരത്തിൽ ഉത്തരവിട്ട ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടിയെടുണം”, ചെന്നിത്തല ആവശ്യപ്പെട്ടു.

“കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്ന കിഫ്ബിയിൽ ഓഡിറ്റ് വേണ്ട. കണ്ണൂർ വിമാനത്താവളത്തിന് ഓഡിറ്റ് വേണ്ട. 2019- 20ലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചും ഓഡിറ്റ് വേണ്ട എന്നാണ് തീരുമാനം. ഇത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്.

റിപ്പോർട്ട് വന്നാൽ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഴിമതി മൂടിവെക്കാനുള്ള ശ്രമമാണ് ഉത്തരവിലൂടെ നടന്നത്. ധനകാര്യ വകുപ്പിന്റെ നിർദേശം ലഭിച്ചിട്ട് മാത്രം ഓഡിറ്റ് പുനരാരംഭിച്ചാൽ മതിയെന്നാണ് പറയുന്നത്.”.

ഓഡിറ്റ് നിർത്തിവെക്കുക മാത്രമല്ല ഇതുവരെ ചെയ്ത ഓഡിറ്റിന്റെ റിപ്പോർട്ട് പുറത്തുവരുന്നത് തടയുക കൂടി ചെയ്തിരിക്കുന്നുവന്നും ചെന്നിത്തല ആരോപിച്ചു.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ സമരങ്ങളെ വിമർശിച്ച് ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്കും ചെന്നിത്തല മറുപടി പറഞ്ഞു.

“ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വ്യാപനമുണ്ടാവുന്ന സംസ്ഥാനമാകുന്നു കേരളം. സംസ്ഥാനസർക്കാരിന്റെ അലംഭാവവും പിടിപ്പുകേടുമാണ് രോഗവ്യാപനത്തിന് കാരണം. മുഖ്യമന്ത്രി വസ്തുതകൾ മറച്ചുവെച്ച് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിന്റെ സമരം കാരണമാണ് കൊറോണ വ്യാപിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. പഴയ പൊട്ടിപ്പൊളിഞ്ഞ ഗ്രാമഫോൺ പോലെ അത് അദ്ദേഹം വായിച്ചു കൊണ്ടിരിക്കുകയാണ്”.

ടെസ്റ്റുകൾ വർധിപ്പിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഉണ്ടാകുമായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു.