പാലക്കാട് : കഞ്ചിക്കോട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിൽ വനവാസികൾ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം. രാസപരിശോധനാ ഫലത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു. മരിച്ചവരിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി മറ്റ് നാല് പേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
മദ്യം കഴിച്ച അയ്യപ്പൻ രാമൻ എന്നിവർ കഴിഞ്ഞ 18നും ശിവൻ, മൂർത്തി, അരുൺ എന്നിവർ ഇന്നലെയും ആണ് മരിച്ചത്. ശിവന്റെ മരണത്തെതുടർന്ന് ഒമ്പത് പേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, എന്നാൽ ഇതിൽ മൂർത്തി ആശുപത്രിയിൽ നിന്നും ചാടി പോവുകയും പിന്നീട് അവശനിലയിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പോലീസ് പിടികൂടുകയുമായിരുന്നു,
മൂർത്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ രാത്രി ഒമ്പത് മണിയോടെയാണ് അരുൺ മരിച്ചത്. വെള്ളം കലർത്തുമ്പോൾ പാലുപോലെ പതഞ്ഞുപൊങ്ങുന്ന ദ്രാവകമാണ് കുടിച്ചത് എന്നാണ് വനവാസികൾ പറയുന്നത്. നിലവിൽ മദ്യം കഴിച്ചവരിൽ 7 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.