തിരുവനന്തപുരം: വാളയാർ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് പരാമർശം.
സർക്കാർ അപ്പീലിൽ അടിയന്തരമായി നവംബർ 9 ന് വാദം കേൾക്കാമെന്നു ഹൈക്കോടതി അറിയിച്ചു. കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റി. കേസിൽ പുനർവിചാരണ വേണം എന്നും സർക്കാർ നിലപാട് അറിയിച്ചു. വേണ്ടിവന്നാൽ തുടരന്വേഷണത്തിനും തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികൾ മരിച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് പോക്സോ കോടതി ആറ് കേസുകളിലായി നാല് പ്രതികളെ വെറുതെ വിട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലാണ് സർക്കാർ അപ്പീൽ നൽകിയത്. പെൺകുട്ടികളുടെ മാതാപിതാക്കളും അപ്പീൽ നൽകിയിരുന്നു.