തിരുവനന്തപുരം: ജോസ് കെ മണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. കെ.എം മാണിക്കെതിരായ ബാർ കോഴക്കേസ് പിൻവലിക്കാൻ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തിയെന്നും, പിന്നീട് പണം വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബാറുടമ ജോൺ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകൾ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയും ചേർന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും വേട്ടയാടി. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കോടികളാണ് തനിക്ക് നഷ്ടമായതെന്നും ബിജു രമേശ് പറഞ്ഞു.
ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും. ആരോപണത്തിന് ശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുമായാണ്. കേസില്ലായിരുന്നുവെങ്കിൽ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആരോപണത്തിന് ശേഷം പിസി ജോർജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.
കെഎം മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശ് ഇപ്പോൾ നടത്തുന്നത് എന്ന് ജോസ് കെ മാണി ബിജു രമേശിന്റെ ആരോപണത്തോട് പ്രതികരിച്ചു.
അന്ന് എൻ്റെ പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ എന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജുരമേശ് ഇപ്പോൾ രംഗത്തെത്തിയതിന്റെ രാഷ്ട്രീയല ക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ മാണി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ ഗൂഢാലോചനയെന്ന കേരള കോണ്‍ഗ്രസിനുവേണ്ടി സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സംഭവം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.