ശിവശങ്കറിൻ്റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു;എന്തു കൊണ്ട് “ഹരാസ്” ചെയ്യുന്നുവെന്ന് മനസിലാകുന്നില്ലെന്ന് ശിവശങ്കര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിൻ്റെ അറസ്റ്റ് 23-ാം തിയതി വരെ തടഞ്ഞ് ഹൈക്കോടതി. എതിര്‍വാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു. വെള്ളിയാഴ്ച്ച വൈകിട്ട് അറസ്റ്റ് ചെയ്യാൻ ആണ് ശ്രമിച്ചതെന്ന് എം ശിവശങ്കര്‍ ഹൈക്കോടതിയിൽ നൽകിയ മുൻകൂര്‍ ജാമ്യേപേക്ഷയിൽ പറഞ്ഞിരുന്നു . കേസ് 23-ാം തിയതി വീണ്ടും പരിഗണിക്കും.
എൻഫോഴ്സ്മെന്‍റ് കേസിലും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അടിയന്തരമായി കേസ് പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് രാവിലെ എം ശിവശങ്കര്‍ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. പരിഗണിക്കുന്ന കാര്യം ഉച്ചക്ക് ശേഷം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് എം ശിവശങ്കര്‍ ഹൈക്കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ച അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസ് നീക്കം, ചോദ്യം ചെയ്യലിന് കസ്റ്റംസിന്റെ കാറിൽ വരാൻ അവർ നിർബന്ധിച്ചു. സ്വന്തം വാഹനത്തിൽ പോകാൻ അനുവദിച്ചില്ലെന്നും എം ശിവശങ്കര്‍ പറയുന്നു.

തുടർച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചു. ഏത് കേസിൽ ആണ് ചോദ്യം ചെയ്യുന്നതു എന്ന് പോലും നോട്ടീസിൽ വ്യക്തമല്ലെന്നും എന്ത് കൊണ്ട് “ഹരാസ്” ചെയ്യുന്നു എന്ന് മനസിലാകുന്നില്ലെന്നും എം ശിവശങ്കര്‍ ഹര്‍ജിയിൽ പറഞ്ഞു.

സ്വർണക്കള്ളക്കടത്തിൽ മാത്രം 34മണിക്കൂർ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാറുണ്ടെന്നും ശിവശങ്കര്‍ കോടതിയെ ബോധിപ്പിച്ചു. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ അവകാശപ്പെട്ടു.

അതേസമയം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ഇതിനുശേഷമാകും തുടര്‍ചികിത്സ തീരുമാനിക്കുക.